Sunday, January 25, 2009

ഡോ.ഗോപിമണിയും ഇസ്രയേലും

അടുത്തിടെ മാത്രിഭു‌മി പത്രത്തില്‍ ഗാസ കൂട്ടക്കുരുതിയെ മുന്‍നിര്‍ത്തി എഴുതിയ "പലസ്തീനില്‍ രക്തം ഉറങ്ങില്ല" എന്ന എം.പി വീരേന്ദ്രകുമാറിണ്റ്റെ ലേഖന പരമ്പരയെ (മാതൃഭൂമി പത്രം 2009 ജനുവരി 15, 16 & 17) വിമര്‍ശിച്ചുകൊണ്ട്‌ ഡോ.ആര്‍.ഗോപിമണി ജനുവരി 23 നു അതേപത്രത്തില്‍ ഒരു പ്രതികരണക്കത്ത്‌ എഴുതിയത്‌ പലരും ശ്രദ്ധിച്ച്‌ കാണും. നമ്മുടെ പല എഴുത്തുകാര്‍ക്കും സമകാലിക സംഭവങ്ങളിലുള്ള 'വിവരം' വിളിച്ചോതുന്നതാണു പ്രസ്തുത വിമര്‍ശനക്കത്ത്‌.


ഇനി കാര്യങ്ങളെ വസ്തുതാപരമായി സമീപിച്ചാലും ശ്രീ ഗോപിമണിയുടെ നിലപാട്‌ ശരിയല്ല എന്നു മനസ്സിലാക്കാന്‍ കഴിയും. അല്‍ജസീറയുടെ മുന്‍പത്രാധിപര്‍ക്ക്‌ തൊഴില്‍ദായകനോട്‌ കൂറുകാട്ടേണ്ടതുണ്ട്‌. പക്ഷെ ആര്‍ക്ക്‌വേണ്ടിയാണു വീരേന്ദ്രകുമാര്‍ ജൂതരെ മാത്രം പഴിചാരുന്നത്‌ എന്നാണു ഗോപിമണി ചോദിക്കുന്നത്‌. ഈ ഒരു നിലപാടു തെന്നെ കാര്യങ്ങളെ വസ്തുനിഷ്ടമായികാണുന്നതിണ്റ്റെ ലക്ഷണമല്ല. ഒരു വിഷയത്തെ ആരു പറയുന്നു എന്നതല്ല എന്തുപറയുന്നു എന്ന്‌ നോക്കിയല്ലേ വിലയിരുത്തേണ്ടതു ?


ഒന്നാമതായി ജൂതരെ വീരേന്ദ്രകുമാര്‍ വിമര്‍ശിച്ചിട്ടില്ല. ഇസ്രയേലിണ്റ്റെ ഈ നീച കൃത്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നവരില്‍ ജൂതരുമുണ്ട്‌ എന്നതാണു മറ്റൊരു സത്യം .ശ്രീ വീരേന്ദ്രകുമാര്‍ തന്നെ തണ്റ്റെ ലേഖനത്തില്‍ പലയിടത്തും ഉദ്ധരിക്കുന്ന അവിശലം എന്ന ഇറാഖി വംശജനായ ബ്രിട്ടീഷ്‌ ചരിത്രകാരന്‍ അതിനു നല്ലൊരു ഉദാഹരണമാണു. ഇസ്രയെല്‍ ഭരണകൂടത്തിണ്റ്റെ വംശഹത്യ സമീപനത്തെയും സയണിസ്റ്റ്‌ ഭീകരതയേയുമാണു അദ്ദേഹം എതിര്‍ക്കുന്നത്‌. ഒരു വിരേന്ദ്രകുമാറോ അതല്ലങ്കില്‍ സിദ്ധാര്‍ഥമേനോനൊ മാത്രമല്ല ഇസ്രായേലിണ്റ്റെ ഈ കൊടുംക്രൂരതയെ വിമര്‍ശിച്ചിട്ടുള്ളത്‌. ആയിടെ പ്രിണ്റ്റ്‌ മീഡിയയിലും ഇലക്ട്രോണിക മീഡിയയിലും വന്ന വിശകലനങ്ങളും റിപ്പോര്‍ട്ടുകളും ശ്രദ്ധിച്ച ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ഇക്കാര്യം.

പ്രശസ്തയായ സാറ റോയ്‌ (Sara Roy) ടെ ലേഖനങ്ങള്‍ ഉദാഹരണമായി പറയാം

പലസ്തീനിലെ ഹമാസ്‌ ഭരണകൂടത്തെ പാകിസ്താനിലെ വസീരിസ്താന്‍ പ്രവിശ്യയിലെ താലിബാന്‍ ഭരണകൂടത്തോടാണു ശ്രീ ഗോപിമണി താരതമ്യം ചെയ്യുന്നത്‌. നിയമപരമായ ഒരു തെഞ്ഞെടുപ്പിലൂടെ നേടിയ വന്‍വിജയത്തോടെയാണു ഹമാസ്‌ ഗാസയില്‍ അധികാരത്തില്‍ വരുന്നത്‌ തന്നെ. ലോകത്തിലെ എല്ലാ മനുഷ്യസ്നേഹികളും ആവശ്യപെട്ടിട്ടും അതിനൊന്നും വിലകല്‍പിക്കാതെ ആയിരത്തിലധികം പലസ്തീനികളെ കൊന്ന ഇസ്രായേല്‍ നിരോധിത രാസായുധങ്ങളും നിരപരാധികളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചു എന്നത്‌ എല്ലാ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്തതും സ്തിരീകരിക്കപ്പെട്ടതുമായ കാര്യമല്ലേ.


കൊലചെയ്യപ്പെട്ടവരില്‍ ഇരുന്നൂറ്റമ്പതിലധികം (As per U. N Report figure 257) കുട്ടികളുമുള്‍പ്പെടുന്നു എന്നതും എല്ലാമീഡിയയും റിപ്പോര്‍ട്ട്‌ ചെയ്തതാണല്ലോ. ഇരുപത്‌ ഇസ്രയേലികളാണു പത്ത്‌ വര്‍ഷത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപെട്ടതെന്ന്‌ പ്രമുഖ യുദ്ധകാര്യ ലേഖകനും The Independent പത്രത്തിണ്റ്റെ കോളമിസ്റ്റുമായ റോബര്‍ട്ട്‌ ഫിസ്ക്‌(Robert fisk) എഴുതുന്നു.

അമേരിക്ക ഉള്‍പ്പെടുന്ന രാജ്യങ്ങളുടെ ഏത്‌ നടപടിയേയും നിരാക്ഷേപം പിന്‍താങ്ങുന്ന ഒരു വിഭാഗത്തിണ്റ്റെ പ്രതിനിധിയായേ ശ്രീ ഗോപിമണിയേയും നമുക്ക്‌ കാണാന്‍ കഴിയൂ.നേരത്തെ GATT കരാര്‍ ഉള്‍പ്പെടുന്ന വിഷയത്തിലും തികഞ്ഞ മുതലാളിത്ത കാഴ്ചപ്പാടെടുത്ത്‌ കര്യങ്ങളെ വിശകലനം ചെയ്തിട്ടുള്ള അദ്ദേഹം ഈ കാര്യത്തിലും അമേരിക്കന്‍ നിലപാടെടുത്തതില്‍ അത്ഭുതമില്ല.

No comments: