Sunday, June 21, 2009

സംഘ്പരിവാറിനെ ‘അപകീര്‍ത്തിപ്പെടുത്തുന്നു’

ഇടത് വലത് മുന്നണികളുടെ ശക്തികേന്ദ്രമായ കേരളത്തില്‍ ബി.ജെ.പി ഒരു പാര്‍ലമെന്റ്‌ സീറ്റോ നിയമസഭ സീറ്റോ അടിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയിട്ട് നാളേറയായി. ഇപ്രാവശ്യവും അവര്‍ക്കതിന്‌ കഴിഞില്ല. ഇടതിന്റെ പരാജയം പ്രിന്‍ഡ് ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ വിശകലനം ചെയ്തു തീര്‍ന്നിട്ടില്ല പക്ഷേ ബി.ജെ.പി യുടെ പരാജയം വേണ്ടത്ര ചര്‍ച്ച ചെയ്‌തോ എന്ന് സംശയമാണ്‌. എന്തായിരിക്കാം ബി.ജെ.പിക്ക് സംഭവിക്കുന്നത്.വോട്ടു കച്ചവടവും കോണ്‍ഗ്രസിന്‌ വോട്ടു മറിക്കലും കാരണമായിരിക്കാം പരാജയം എന്ന വിലയിരുത്തല്‍ ഭാഗികമായി മാത്രമേ ശരിയാവൂ.
ഇടതുപക്ഷത്തിലെ സി.പി.എം നെ പോലെയും വലതുമുന്നണിയിലെ മുസ്ലിംലീഗിനെ പോലെയും വളരെ ചിട്ടയോടെയും ആത്‌മാര്‍ഥതയോടെയും പ്രവര്‍ത്തിക്കുന്ന ബി.ജെ.പി. യുടെ സംഘടനാ ശൃംഖലയെ മോശമായി കാണാനാവില്ല.ഒരു പക്ഷേ ഈ തിരഞെടുപ്പില്‍ കേരളത്തിലെ സ്ഥാനര്‍ഥി പട്ടിക ആദ്യമായി പ്രഖ്യാപിച്ചിട്ടുള്ളതും ബി.ജെ.പി യായിരിക്കും. എന്നിട്ടും എവിടെയാണ്‌ ബി.ജെ.പിക്ക് പിഴക്കുന്നത് ?

ബഹുമതസഹവര്‍ത്തിത്വത്തിനും വിവിധ ജനവിഭാഗങ്ങളുടെ മതാതീത ബന്ധത്തിനും ശക്തമായ വേരുകളുള്ള കേരളത്തില്‍ ബി.ജെ.പി യുടെ നിരന്തര പരാജയം അവരുടെ കണ്ണൂ തുറപ്പിക്കാത്തത് ആ പാര്‍ട്ടിയുടെ പാപ്പരത്തമായി കാണണം. അവരുടെ നേതാക്കളും ബുദ്ധിജീവികളും അതിന്‌ തയ്യാറല്ല എന്ന് മാത്രമല്ല തങ്ങള്‍ക്കെതിരെ വരുന്ന വസ്തുതാപരമായ ആരോണങ്ങളെപ്പോലും അപകീര്‍ത്തിപ്പെടുത്തല്‍ എന്ന കള്ളിയില്‍‌പെടുത്തി തള്ളിക്കളയാനാണ്‌ ഇവര്‍ ‍ശ്രമിക്കാറ്.വര്‍ഗീയ കലാപം, ആശയപരമായി യോജിപ്പില്ലാത്തവരെ ശാരീരികമായി നേരിടല്‍,തീവ്രദേശീയതയ്ക്കും അന്ധമായ പ്രാദേശിക വാദത്തിനും വളം‌വെച്ച്കൊടുക്കല്‍,പ്രവര്‍ത്തനത്തിനും പ്രചരണത്തിനും തുറന്ന സമീപനങ്ങളെക്കാള്‍ രഹസ്യസ്വ‌‌ഭാവം സൂക്ഷിക്കല്‍, സംഘടനയുടെ അർദ്ധസൈനിക സ്വഭാവം,ഇതര മതവിഭാങ്ങളെ രണ്ടാം തരക്കാരായി കണ്ടുകൊണ്ടുള്ള സമീപനങ്ങള്‍. അങ്ങനെ ഒട്ടുവളരെ കാര്യങ്ങള്‍ മറ്റുപാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി സംഘ്പരിവാറില്‍ കാണാന്‍ കഴിയും.

കേരളത്തിലെ വിവിധ അച്ചടി മാധ്യമങ്ങളിലും ഇലക്‌ട്രോണിക് മാധ്യമങ്ങളിലും സംഘ്പരിവാറിന്റെ വക്താക്കളായി പ്രത്യക്ഷപ്പെടാറുള്ള
പി.എസ്.ശ്രീധരന്‍പിള്ള,എംടി.രമേശ്, വി.മുരളീധരന്‍,ഒ.രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്‌ , സി.കെ.പത്മനാഭന്‍ ,എ.എന്‍.രാധാകൃഷണന്‍ തുടങ്ങിയ നേതാക്കളുടെ പ്രസംഗങ്ങളും എഴുത്തുകളും ശ്രദ്ധിച്ചാല്‍ ഇവരുടെ നിലപാടിലെ വൈരുദ്ധ്യം എളുപ്പം ബോധ്യപ്പെടും. ദുർബലന്യായങ്ങൾ എടുത്ത്‌ കാട്ടി തങ്ങളുടെ പാര്‍ട്ടിയുടെ ഏത് നെറികേടിനേയും ന്യായീകരിക്കാന്‍ ബാധ്യതപെട്ടിരിക്കുന്നു ഇവര്‍! ഉത്തരേന്ത്യയിലെ ബി.ജെ.പി. നേതാക്കള്‍ പ്രചരിപ്പിക്കുന്ന അതേ ശൈലിയല്ല മതനിരപേക്ഷതക്ക് കടുത്ത അടിത്തറയുള്ള കേരളത്തില്‍ ബി.ജെ.പി. നേതാക്കള്‍ സ്വീകരിക്കുന്നത് എന്ന കാര്യം പ്രത്യാകം ശ്രദ്ധിക്കണം. ഇവിടെ അവര്‍, തങ്ങള്‍ മുസ്ലിംകള്‍ക്ക് എതിരല്ല എന്ന് തെളീക്കാന്‍ ചര്‍ച്ചകളിലും ലേഖനങ്ങളിലും വലിയ മതേതരക്കാരായി ചമയുന്നത് കാണാം.അബ്ദുല്‍ കലാമിനെ ബി.ജെ.പി യാണ്‌ രാഷ്‌ട്രപതിയാക്കിയത് , ബംഗാളിലേതിനേക്കാള്‍ എത്രയോ മെച്ചമാണ്‌ ഗുജറാത്തിലെ മുസ്ല്ലികളുടെ അവസ്ഥ എന്നൊക്കെയുള്ള ബാലിശവും ഉപരിപ്ലവവുമായ വാദങ്ങളൊക്കെ എഴുന്നെള്ളിക്കും. ഉത്തരേന്ത്യയിലെ സംഘ്പരിവാര്‍ നേതാക്കള്‍ക്ക് ഇതൊന്നും പറയേണ്ടതില്ല.അല്ലാതെ തന്നെ അവര്‍ക്ക് വോട്ട് കിട്ടും എന്നാണ് അവിടുത്തെ ബി.ജെ.പി നേതാക്കളുടെ ധാരണ.(അതും ഇപ്പോ പ്രബുദ്ധ ഇന്ത്യ തള്ളിയിരിക്കയാണ്‌)
ബി.ജെ.പി ക്കെതിരെ കാലകാലങ്ങളിലായി ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളെ ഇവര്‍ എങ്ങനെ നേരിടുമെന്ന് ഒന്ന് പരിശോധിക്കുന്നത് രസകരമായിരിക്കും. പഴയകാല പ്രശ്‌ന‌ങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം.

സംഘ്പരിവാറിന്റെ ആദ്യകാലനേതാക്കളായ ബി.എസ്.മൂഞ്ചെ,സവര്‍ക്കര്‍,ഗോള്‍‌വാള്‍ക്കര്‍, ഹെഗ്‌ഡെവാര്‍ എന്നിവരുടെ നാസിസത്തോടും ഫാസിസത്തോടുമുള്ള അനിഷേധ്യമായ കൂറിനെക്കുറിച്ച് ചോദിച്ചാല്‍ ഇവര്‍ പറയും ആര്‍.എസ്.എസി നെയും ബി.ജെ.പി യെയും സമൂഹ‌മധ്യത്തില്‍ താറടിച്ച് കാണിക്കാന്‍ വേണ്ടി ഇവിടുത്തെ സംഘ്പരിവാര്‍ വിരുദ്ധര്‍ ഉന്നയിക്കുന്ന ആരോപണമാണിതെന്ന്.മൂഞ്ചെ മുസ്സോളിനിയെ നേരില്‍ സന്ദര്‍ശിച്ച് നാസിസത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിട്ടൂണ്ട് എന്ന് ചൂണ്ടിക്കാട്ടിയാല്‍ അതിന്‌ മറുപടി പറയാതെ വിഷയത്തെ മറ്റുമേഖലകളിലേക്ക് വഴിതിരിച്ചുവിടും.മൂഞ്ചെ പ്രഗത്ഭനായ രാജ്യസ്നേഹിയും സൈനികരംഗത്ത് ഇന്ത്യയെ വളര്‍ത്താന്‍ പാടുപെട്ട ആളാണുമെന്ന് ആവേശംകൊള്ളൂം.ഗോള്‍‌വാള്‍ക്കര്‍ ,ജര്‍മ്മനിയുടെ വംശശുദ്ധീകരണത്തെ ചൂണ്ടി ഇന്ത്യക്കാര്‍ക്ക് ഏറെ പഠിക്കാനുണ്ട് എന്ന് പറഞതിനെ എങ്ങനെ വിശദീകരിക്കുമെന്ന് ചോദിച്ചാല്‍ അത് അദ്ദേഹത്തെ തെറ്റായി ഉദ്ധരിക്കുകയാണ്‌ എന്ന് പറഞ് ഒഴിഞ് മാറും.(‘വിചാരധാര’യുടെയും ‘നമ്മള്‍ അല്ലങ്കില്‍ നമ്മുടെ ദേശീയത നിര്‍‌വചിക്കപ്പെടുന്നു ' എന്നതിന്റെയും വിവിധ വര്‍ഷങ്ങളിലിറങ്ങിയ പതിപ്പുകളില്‍ ഇത്പോലുള്ള വിവാദ വിഷയങള്‍ മാറ്റം വരുത്തുകയോ എടുത്തുമാറ്റുകയോ ചെയ്തതായി പല നിരീക്ഷകരും പറയുന്നു)ഗാന്ധി വധത്തില്‍ സംഘ്പരിവാറിന്റെ പങ്കിനെ കുറിച്ചാണങ്കില്‍ ഞങ്ങളെ ഇക്കാര്യത്തില്‍ കോടതിപോലും വെറുതെ വിട്ടതാണ്‌ എന്ന് പറഞ് കപൂര്‍ കമ്മീഷനെ ഉദ്ധരിക്കും.ഗാന്ധിജിയെ വധിച്ച ഗോഡ്‌സെ പഴയ ആര്‍.എസ്.എസ് കാരനായിരുന്നു എന്ന് തിരിച്ച് ചോദിച്ചാല്‍ അത്‌കൊണ്ട്‌ മാത്രം ഗാന്ധിവധത്തിന്റെ ഉത്തരവാധിത്വം സംഘ്പരിവാറിന്റെ തലയിലിടാന്‍ പറ്റില്ല എന്ന് തര്‍ക്കിക്കും.ഗാന്ധി കൊലചെയ്യപെട്ടപ്പോള്‍ ആര്‍.എസ്.എസ്.കേന്ദ്രങ്ങളില്‍ മധുരവിതരണം നടത്തിയതിനെന്തിനാണ്‌ എന്ന് ചൊദിച്ചാല്‍ അതൊക്കെ വിരോധികള്‍ പറഞുണ്ടാക്കുന്നതാണ്‌ എന്നാവും മറുപടി.അവാസാനം ഗത്യന്തരമില്ലാതാവുമ്പോള്‍ പുറമ്പൂച്ച് പുറത്ത് വരും.വിഭജനത്തിനനുകൂലമായ് നിലപാടെടുത്ത ഗാന്ധിജി ജനരോഷത്തിനിരയാവുകയായിരുന്നു.ഗോഡ്സെ ജനങ്ങളെ പ്രതിനിധീകരിക്കുകയായിരുന്നു എന്ന് പറഞ്‌വെക്കും.

ബാബരി മസ്ജിദ് തകര്‍ത്തത് സംഘ്പരിവാറല്ലേ എന്നാണ്‌ ഉന്നയിക്കുന്നതെങ്കില്‍ ആദ്യം പറയും മുസ്ലിംകള്‍ ദശാബ്ദങ്ങളായി ആരാധന നടത്താത്ത സ്ഥലാമാണത് അതവര്‍ക്ക് തന്നെ ആവശ്യമില്ല. പിന്നെ പറയും അത് പള്ളിയല്ല എന്ന്. പിന്നെ പറയും ഹിന്ദു ക്ഷേത്രം പൊളിച്ച് ബാബര്‍ നിര്‍മ്മിച്ച പള്ളിയാണത്. നിയമം കയ്യിലെടുത്ത് തര്‍ക്കത്തിലിരിക്കുന്ന ഒരു പള്ളി കയ്യൂക്കിന്റെ ബലത്തില്‍ ഇങ്ങനെ നശിപ്പിച്ചത് ശരിയായോ എന്ന് ചോദിച്ചാല്‍ പറയും ബി.ജെ.പി അതിനെ നിര്‍ഭാഗ്യകരമായ സംഭവമായി വിലയിരുത്തിയിട്ടുണ്ട് എന്ന്.നിങ്ങള്‍ തന്നെ ബോധപൂര്‍‌വ്വം ഒരു തെറ്റ് ചെയ്ത് പിന്നീട് അതിനെ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിക്കുന്നതില്‍ വല്ല ആത്‌മാര്‍ഥതയുമുണ്ടോ എന്നാണ് ചോദ്യമെങ്കില്‍ ദശാബ്ദങ്ങളായി ഒരു ജനതക്കുണ്ടായിരുന്ന കടുത്ത പ്രതിഷേധം തടഞ് നിറുത്താന്‍ ഞ്ഞങ്ങള്‍ക്കായില്ല
എന്നാവും മറുപടി . ബാബരി മസ്ജിദ് ധ്വംസനാനന്തരം രാജ്യത്തിന്റെ പലഭാഗത്തുമുണ്ടായ കലാപം പ്രത്യാകിച്ച് മുംബൈയിലുണ്ടായത് സംഘ്പരിവാറിന്റെ ചെയ്തികളുടെ ഫലമല്ലേ എന്ന് വിലയിരുത്തിയാല്‍ രാജ്യത്തെ ബി.ജെ.പി വിരുദ്ധ വിഭാഗങ്ങളും കപട മതേതര വാദികളും മുസ്ലിം വര്‍ഗീയ വാദികളും തീവ്രവാദികളുമാണ്‌ അതിന്റെ പിന്നിലുള്ളതും അങ്ങനെ പ്രചരിപ്പിക്കുന്നതും. വാസ്തവത്തില്‍ മുസ്ലിം അക്രമകാരികളും അധോലോക സംഘങ്ങളും ഒത്തു ചേര്‍ന്ന് അവിടെ കലാപം സംഘടിപ്പിച്ച് സംഘ്പരിവാറിനെ പഴിചാരുകയാണ്‌ എന്ന് പറഞ് കോപിക്കും.
2002 ലെ ഗുജറാത്ത് വംശഹത്യയില്‍ മോദി സര്‍ക്കാരിനും സംഘ്പരിവാറിനും വലിയ പങ്കുണ്ടന്ന് വല്ലവരും പറയുകയാണങ്കില്‍ പറയും 1969ല്‍ അവിടെ വലിയ ഒരു കലാപം നടന്നപ്പോള്‍ നാല്‍പ്പതിലേറെ ദിവസമാണ്‌ അത് നീണ്ടുനിന്നത്.മോദി ഈ കലാപം രണ്ട് ദിവസത്തിനുള്ളില്‍ നിയന്ത്രിച്ചു എന്ന്.അത് മോദിയുടെ കഴിവാണ്‌ എന്ന്. ഇപ്പോഴും ഗുജറാത്ത് കലാപത്തിന്റെ കേസുകള്‍ സുപ്രീകോടതിയിലും മറ്റും തീര്‍പ്പാകാതെ കിടക്കുന്നുണ്ട് എന്ന് മാത്രമല്ല ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടോ എന്നന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതും മായ കോഡ്‌നാനി എന്ന ഗുജ്റാത്ത് കാബിനറ്റ് മന്ത്രി രാജി വെക്കേണ്ടി വന്നതും ചെറിയ കാര്യമാണോ എന്ന് ചോദിച്ചാല്‍ ഉരുണ്ടുകളിക്കും എന്നിട്ട് പറയും നമ്മളിതൊക്കെ എത്ര ചര്‍ച്ച ചെയ്തതാണ്‌ എന്ന്.69ലെ ഇന്ത്യന്‍ സാമൂഹിക പശ്ചാതലമല്ലല്ലോ ഇപ്പോഴുള്ളതെന്നും(ആ പഴയ വിഭജന കാലത്തെ മനസ്സ് തന്നെ ഹിന്ദുവിനും മുസ്ലിമിനും മതി എന്നാവും സംഘ്പരിവാര്‍ ആഗ്രഹിക്കുന്നുണ്ടാവുക. എന്നാലല്ലേ അവരുടെ കര്യങ്ങള്‍ സുഗമമായി മുന്നോട്ടു പോകൂ)ഗുജ്റാത്ത് കലാപത്തില്‍ മോദി സര്‍ക്കാരിന്‌ വ്യക്തമായ പങ്കുണ്ടെന്ന് വിളിച്ചു പറഞവരിലൊരാള്‍ അവിടുത്തെ ഡി.ജി.പി യായിരുന്ന ശ്രീകുമാര്‍ തന്നെയാണ്‌ എന്നകാര്യവും വിശദീകരിച്ചാല്‍ ഇവര്‍ പതിവ് പല്ലവി ഉരുവിടും; അദ്ദേഹത്തിന്‌ മറ്റുപല താത്പര്യങ്ങളുമുണ്ട്.അയാള്‍ ബി.ജെ.പി വിരുദ്ധരുടെ കൈയടി മേടിക്കാന്‍ പറയുകയാണ്‌ . ഇപ്പോഴും അഭിമുഖത്തിലും ലേഖനങ്ങളിലും ഗുജറാത്ത് കലാപത്തിന്റെ വിഷയങ്ങളുമായുള്ള സം‌വാദങ്ങളില്‍ മറുവശത്തുള്ള ഏതെങ്കിലും ബി.ജെ.പി നേതാക്കള്‍ ശ്രീകുമാറിനെ വ്യക്തിപരമായി അധിക്ഷേക്കുകയും മറ്റും ചെയ്യുമ്പോള്‍ പോലും തനിക്ക് പറയാനുള്ളത് വളരെ മാന്യമായി തന്നെ വിശദീകരിക്കുന്നയാളാണ്‌ ഈ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍.

ഇനി ഒറീസ്സ കലാപത്തിന്റെ കാര്യം ചോദിച്ചാലും ബി.ജെ.പി നേതാക്കള്‍ക്ക് പറയാനുണ്ടാവുക "നിങ്ങള്‍ അവിടുത്തെ മറുവശം കാണാത്തതെന്തേ എന്ന മട്ടില്‍ വിഷയത്തെ ന്യായീകരിക്കുന്ന മറുപടിയായിരിക്കും. അതായത് അവിടെ ഒരു വി.എച്ച്.പി.യുടെ സ്വാമിയെ കൊലപ്പെടുത്തിയതിനോടനുബന്ധിച്ചാണ്‌ ഈ പ്രശ്ങ്ങള്‍ ഉണ്ടായതെന്ന്. മാവോയിസ്റ്റുകള്‍ ചെയ്ത ഒരു കൃത്യത്തിന്‌ നിരപരാധികളായ കൃസ്ത്യന്‍ പാവങ്ങള്‍ എന്ത് പിഴച്ചു എന്ന് ഇവരോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല.

കര്‍ണാടകത്തില്‍ പബ്ബില്‍ സ്ത്രീകളടക്കമുള്ളവര്‍ ശ്രീരാമ സേന എന്ന സംഘ്പരിവാര്‍ സംഘടനയുടെ ആക്രമണത്തിന്‌ വിധേയമായ കാര്യം ഉന്നയിച്ചാലും നമ്മുടെ ബി.ജെ.പി നേതാക്കള്‍ക്ക് മറുപടിയുണ്ട്. ശ്രീരാമ സേനക്ക് ബി.ജെ.പി യുമായി ബന്ധമൊന്നുമില്ല എന്നാവും ആദ്യം പറയുക. പിന്നെ പറയും പബ്ബിലും മറ്റുമുള്ള സ്ത്രീകളുടെ അഴിഞ്ഞാട്ടം ആര്‍ക്കാണംഗീകരിക്കാന്‍ കഴിയുക എന്ന്.ഉത്തര്‍പ്രദേശിലെ പിലിബിത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി വരുണ്‍ഗാന്ധിയുടെ വിഷലിപ്തമായ മുസ്ലിം വിരുദ്ധ പ്രസംഗത്തെകുറിച്ച് ചോദിച്ചാല്‍ ബി.ജെ.പി പറയുക പ്രസംഗത്തിന്റെ സിഡിയില്‍ കൃത്രിമം കാണിച്ചുവെന്നാണ്‌.ചുരുക്കി പറഞാല്‍ എല്ലാ അക്രമെത്തെയും വര്‍ഗീയ പ്രവര്‍ത്തനത്തെയും ഫാസിസ്റ്റ് രീതികളെയും ഒരു മടിയുമില്ലാതെ ന്യായീകരിക്കുക എന്നതാണ്‌ സംഘപരിവാറിന്റെ ഒരു രീതി.അതിനായി ഗീബല്‍സിയന്‍ തന്ത്രം തന്നെ ഇവര്‍ സ്വീകരിക്കുന്നു.തങ്ങളുടെ മിലിറ്റന്റ് സ്വഭാവമുള്ള ഏത് വര്‍ഗീയ പ്രവര്‍ത്തനത്തിനും പലപല ന്യായങ്ങള്‍ പറയുക.ആദ്യം പറഞ ന്യായമായിരിക്കില്ല സംഭവം നടന്ന് കുറച്ച് കഴിഞ്ഞാല്‍ പറയുക. അതായിരിക്കില്ല വര്‍ഷങ്ങള്‍ കഴിഞാല്‍ പറയുക.

ഈ ഒളിച്ചു കളിയും ഇതരമതവിഭാഗങ്ങളോടുള്ള അസഹിഷ്ണുതയും കപട മതേതര പൊയ്‌മുഖവും തന്നെയാണ്‌ സംഘ്പരിവാറിനെ കേരള ജനത നിരന്തരം തള്ളിക്കളയാന്‍ കാരണം