Sunday, February 15, 2009

തെറ്റായാലും ശരിയായാലും എണ്റ്റെ പര്‍ട്ടി/സമുദായം/രാഷ്ട്രം


തീവ്ര ദേശീയത കടന്നു വരുന്നതിണ്റ്റെ ഒരു പ്രധാന വഴിയാണു തെറ്റായാലും ശരിയായാലും എണ്റ്റെ രാജ്യമെന്നുള്ള മനോഗതി. അതുപോലെ എണ്റ്റെ സമുദായം അത്‌ തെറ്റായാലും ശരിയായലും എന്നുള്ളത്‌ സാമുദായിക വാദത്തിലേക്കും പിന്നെ വര്‍ഗീയതയിലേക്കും നയിക്കുന്നു. സമാന സ്വഭാവത്തിലുള്ള മറ്റൊരു വാദമാണു തെറ്റായാലും ശരിയായാലും എണ്റ്റെ പാര്‍ട്ടി എന്ന അതിവാദം. ഇവ മൂന്നും എതിര്‍ക്കപ്പെടേണ്ടതുണ്ട്‌.


ഇതിവിടെ പരാമര്‍ശിക്കാന്‍ കാരണം എസ്‌.എന്‍.സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട്‌ നാം കേള്‍ക്കുന്ന വാദഗതികളാണു. അഴിമതി രഹിതവും കളങ്കരഹിതവുമായ ഒരു ഇമേജ്‌ പാര്‍ട്ടിക്കു നഷ്ടപ്പടുകയല്ലെ എന്നു പത്രസമ്മേളനത്തിലും ചാനല്‍ ചര്‍ച്ചയിലും ചോദിക്കപ്പെടുമ്പോള്‍ പലപ്പോഴും ചിലനേതാക്കളെങ്കിലും പറയുന്നത്‌ ഞാന്‍ പാര്‍ട്ടിയെ defend ചെയ്യാന്‍ ബാധ്യസ്ഥനാണു എന്നാണു.അതായത്‌ ഞാന്‍ മറുത്തൊന്നും പറയില്ല എണ്റ്റെ പാര്‍ട്ടി ശരിയാണു എന്നാണു അദ്ദേഹം പറയാതെ പറയുന്നത്‌. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു ടി.വി ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട്‌ പ്രസ്സ്‌ അക്കാദമി ചെയര്‍മാനായ ശ്രീ.എസ്‌.ആര്‍.ശക്തിധരന്‍ പ്രതികരിച്ചത്‌ ഇതേ നിലയിലാണു. മനോരമ ചാനലിലെ "നേരെചൊവ്വെ" അഭിമുഖത്തില്‍ മാര്‍ക്സിസ്റ്റ്‌ നേതാവും മഞ്ചേരി എം.പി യുമായ ശ്രീ ടി.കെ. ഹംസയും തനിക്ക്‌ ന്യായീകരിക്കാന്‍ പറ്റാത്ത ഒരു കാര്യം വന്നപ്പോള്‍ ഇങ്ങനെ പറഞ്ഞൊഴിയുകയുണ്ടായി.


അതോടൊപ്പം പാര്‍ട്ടിയെ അംഗീകരിക്കാത്തവരെയൊക്കെ ഇവര്‍ കടുത്തഭാഷയില്‍ ഭര്‍ത്സ്തിക്കുകയും ചെയ്യുന്നു എന്നു കൂട്ടത്തില്‍ പറയണം(പഴയ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ അഴീക്കോടന്‍ രാഘവനെ അഴിമതിക്കോടന്‍ എന്നാണു ഒരുകാലത്ത്‌ വലതുപക്ഷമാധ്യമങ്ങളും പാര്‍ട്ടികളും വിശേഷിപ്പിച്ചിരുന്നതെന്നും പിന്നീട്‌ അഴീക്കോടന്‍ കൊലചെയ്യപ്പട്ടപ്പോള്‍ ആറടി മണ്ണു പോലുമുണ്ടായിരുന്നില്ല എന്നും വികാരാധീനനായി പറയുന്ന സഖാക്കള്‍ ഇന്ന്‌ പാര്‍ട്ടിനേതാവും പൊളീറ്റ്ബ്യൂറോ മെമ്പറുമായ മുഖ്യമന്ത്രിയെ എന്തൊക്കെയാണു "വിശേഷിപ്പിക്കുന്നത്‌".ചിലര്‍ ആള്‍ദൈവം, മന്ദബുദ്ധി എന്നൊക്കെ പറയുമ്പോള്‍ മറ്റുചിലര്‍ തെരുവില്‍ തെണ്ടേണ്ടിവരും എന്നാണു പ്രവചിക്കുന്നത്‌. )

സി.പി.എം നെ സംബന്ധിച്ചിടത്തോളം ഇതൊരു വല്ലാത്ത ദുരന്തം തന്നെയാണു. അഴിമതിയുള്ളവരെയും അതിനു അരോപണ വിധേയരായവരെയും തിരുത്താനു ശുദ്ധീകരിക്കാനും തിടുക്കം കാട്ടിയിട്ടുള്ള ഒരു സംഘടനയാണിന്ന്‌, പാര്‍ട്ടിയാണു SNC LAVLIN കരാര്‍ അംഗീകരിച്ചത്‌ അതിനാല്‍ അത്‌ അഴിമതിയല്ല പാര്‍ട്ടി ശരിയാണു പറയുന്നത്‌ എന്ന്‌ പറയുന്നുത്‌. തെറ്റായാലും ശരിയായാലും എണ്റ്റെ പാര്‍ട്ടി എന്ന നിലപാടിലേക്കു ഇവര്‍ വഴിമാറിയിരിക്കുന്നു !

Wednesday, February 11, 2009

മിതവാദവും തീവ്രവാദവും.

തീവ്രവാദം അല്ലങ്കില്‍ മിതവാദം എന്നൊക്കെ നാം വായിക്കുമ്പോഴോ കേള്‍ക്കുമ്പോഴോ പെട്ടെന്ന്‌ മനസ്സില്‍ ഓടിയെത്തുക മതത്തിനെ കുറിച്ചായിരിക്കും. വാസതവത്തില്‍ മിതവാദവും തീവ്രവാദവുമൊക്കെ അങ്ങനെ മതവിശ്വാസികള്‍ക്ക്‌ മാത്രമായി പതിച്ചു നല്‍കേണ്ടതാണോ എന്ന്‌ സംശയിക്കേണ്ട പല സന്ദര്‍ഭങ്ങളുമുണ്ട്‌. മതവിശ്വാസികളില്‍ തീവ്രവാദ മിതവാദ ചിന്തകള്‍ വെച്ച്പുലര്‍ത്തുന്നവരെ പോലെ മതനിഷേധി/മതേതര വാദികളിലും ഈ നിലപാടുള്ളവരെ കാണാന്‍ കഴിയും.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണു എന്ന്‌ വിശ്വസിക്കുന്ന യഥാര്‍ത്ഥ മാര്‍ക്സിസ്റ്റു പോലും മതത്തെ നിര്‍മാര്‍ജജനം ചെയ്യേണ്ടത്‌ അതുണ്ടാവാനുള്ള സാഹചര്യത്തെ ഇല്ലാതാക്കി കോണ്ടാവണം അല്ലാതെ മതത്തോട്‌ നേരിട്ട്‌ ഏറ്റുമുട്ടികൊണ്ടല്ല എന്നാണു വിശ്വസിക്കുന്നത്‌ . ആദ്യകാലങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിക്കാര്‍ മതവിശ്വാസത്തോടു പുലര്‍ത്തിയിരുന്ന കടുത്ത സമീപനങ്ങളില്‍ ഇപ്പോള്‍ ഒരു പുനര്‍വിചിന്തനം കാണാന്‍ കഴിയുന്നുണ്ട്‌. ഇങ്ങനെയൊക്കെയാണങ്കിലും കടുത്ത നിഷേധാത്മക സമീപനവും അപ്രായോഗിക കാഴ്ചപ്പാടും സ്വീകരിക്കുന്ന അപൂര്‍വ്വം ചിലരെ ഇപ്പോഴും കണാന്‍ കഴിയും.

ഒരു കോളേജ്‌ പ്രൊഫസറായിരുന്ന ശ്രീ.ഹമീദ്‌ ചേന്ദംഗലൂറ്‍ മറ്റൊരു കോളേജ്‌ പ്രൊഫസറായിരുന്ന മാര്‍ക്സിസ്റ്റുകാരനും പൊന്നാനി മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനുമായ ശ്രീ.എം.എം നാരായണനെ വിമര്‍ശിക്കുന്നത്‌ എന്തിനാണെന്ന്‌ ഈ പോസ്റ്റു വായിച്ചാല്‍ മനസ്സിലാവും. ദേശാഭിമാനി വാരികയില്‍ ശ്രീ എം.എം നാരായണനെഴുതിയ ഒരു ലേഖനത്തില്‍ ഖുര്‍ആന്‍ വചനമുദ്ധരിച്ചതിണ്റ്റെ ഒടുവിലായി .വി.ഖുര്‍ആന്‍ എന്ന്‌ എഴുതിയതാണു വര്‍ഗീയ പ്രീണനത്തിണ്റ്റെയും പര്‍ലമെണ്റ്ററി വ്യാമോഹത്തിണ്റ്റെയും ലക്ഷണമായി ശ്രീ ഹമീദ്‌ അവതരിപ്പിക്കുന്നത്‌. വിശുദ്ധ ഗീത അല്ലങ്കില്‍ വിശുദ്ധ ബൈബിള്‍ എന്നൊന്നും ഉപയോഗിക്കാത്തത്‌ പോലെ വിശുദ്ധ ഖുര്‍ആന്‍ എന്നും ഉപയോഗിക്കേണ്ടതില്ല എന്നാണു ഹമീദ്‌ വാദിക്കുന്നത്‌.

നോക്കൂ എത്ര നിസ്സരമായ ഒരു കാര്യത്തെയാണു വര്‍ഗീയതയായി നമ്മുടെ തീവ്ര ഭൌതികവാദികള്‍ അവതരിപ്പിക്കുന്നത്‌. ദാഹിച്ച ഒരു ഒരു മുസ്ളിമിനു വെള്ളം കൊടുത്താല്‍ പോലും വര്‍ഗീയ പ്രീണനമായി ബി.ജെ.പി അതിനെ കാണും എന്നാരോ എഴുതിയതാണു ഇവിടെ ഒാര്‍മ്മവരുന്നത്‌. ആദ്യം സൂചിപ്പിച്ചത്‌ പോലെ മാര്‍ക്സിറ്റുകാര്‍ മതങ്ങളോടുള്ള സമീപനങ്ങളില്‍ കുറെക്കൂടി യാഥാര്‍ത്യബൊധം വരുത്തിയിരിക്കുന്നു. മതവിശ്വാസികള്‍ തങ്ങളുടെ മത ഗ്രന്‍ഥങ്ങളെയും മറ്റും എങ്ങനെ വിശേഷിപ്പിക്കുന്നു അതേ വിശേഷണം അല്ലങ്കില്‍ ആ ഒരു ആദരവ്‌ അവയില്‍ വിശ്വസിക്കാത്തവരും അതിനു നല്‍കുന്നു എന്ന ഒരു തികച്ചും സൌഹാര്‍ദ്ധപൂര്‍ണമായ ഒരു സമീപനമായല്ലേ നാരായണണ്റ്റെ ആ പ്രയോഗത്തെ കാണേണ്ടതൊള്ളൂ. ഒരു ബഹുസ്വര സമൂഹത്തില്‍ മതവിശ്വാസികള്‍ പരസ്പരം മാത്രമല്ലല്ലോ സൌഹൃദവും ബഹുമാനവുമുണ്ടായിരിക്കേണ്ടതു.മതവിശ്വാസമില്ലാത്തവര്‍ക്കും നല്ലബന്ധവും നല്ല സമീപനങ്ങളും ആവശ്യമാണല്ലോ.

പക്ഷെ സമൂഹത്തിണ്റ്റെ ഇടയിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അവരുടെ പ്രശ്നങ്ങളില്‍ തൊട്ടറിയുന്നവര്‍ക്കേ അവരുടെ വികാരവും മനസ്സിലാക്കാനാവൂ അല്ലാതെ ദന്ത ഗോപുര വാസികളായ കേവല ബുദ്ധിജീവികള്‍ക്ക്‌ അതു മനസ്സിലാവണമെന്നില്ല.

Wednesday, February 4, 2009

കെ.ഇ.എന്‍ കുഞ്ഞഹമ്മദും ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനവും

താനൊരു രാഷ്ട്രീയ പ്രവര്‍ത്തകനല്ലന്നും മറിച്ച്‌ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ഒരു സാംസ്കാരിക പ്രവര്‍ത്തകനാണെന്നും അവകാശപ്പെടാറുണ്ട്‌ വാഗ്മിയും എഴുത്തുകാരനുമായ കെ.ഇ.എന്‍.കുഞ്ഞഹമ്മദ്‌. തണ്റ്റെ കാഴ്ചപ്പാടുകള്‍ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും പ്രകടിപ്പിക്കല്‍ സമൂഹത്തിള്ള തണ്റ്റെ ഇടപെടലുകളെ അടയാളപ്പെടുത്തുന്നു എന്നും അദ്ദേഹം വിലയിരുത്തുന്നു. ഏറ്റവും ഒടുവിലായി അദ്ദേഹം പറഞ്ഞ "കണ്ടിട്ടും കാണാതെ കേട്ടിട്ടും കേള്‍ക്കാതെ... " എന്ന്‌ തുടങ്ങിയ നിരീക്ഷണങ്ങള്‍ വായിക്കുകയോ കാണുകയോ ചെയ്തവര്‍ക്ക്‌ സ്വാഭാവികമായും ഉയര്‍ന്ന്‌ വരുന്ന സംശയമുണ്ട്‌:ഈവക നിരീക്ഷണങ്ങളൊന്നും മറ്റ്‌ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ചുകാണാത്തതെന്ത്‌ ?




സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പിണറായി പക്ഷത്ത്‌ നിന്ന്‌ കൊണ്ട്‌ അങ്ങേയറ്റത്തെ വിധേയത്വം പ്രകടിപ്പിച്ചിട്ടുള്ള ഒരാളായി അദ്ദേഹത്തെ വിലയിരുത്താന്‍ മറ്റുള്ളവര്‍ക്ക്‌ പ്രേരണ നല്‍കുന്നതും ഇതുതന്നെയാണു. മൂന്നാറില്‍ ഭൂമികയ്യേറിയ മാഫിയകള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്ത അവസരത്തില്‍ കേരളത്തിലെ വലിയ ഒരു വിഭാഗത്തിണ്റ്റെ പിന്തുണയും ആശിര്‍വാദവും അച്യുതാനന്ദന്‍ നേടിയിരുന്നു. അത്പാര്‍ട്ടിക്കനുകൂലമാക്കുന്നതിനു പകരം തികഞ്ഞ വിഭാഗീയ ചിന്തപുലര്‍ത്തുകയാണു കെ.ഇ.എന്‍ ചെയ്തത്‌. ആള്‍ദൈവങ്ങളെ കുറിച്ച്‌ മാതൃഭൂമി വാരികയില്‍ ലേഖനം എഴുതി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു. സമൂഹത്തിലുള്ള ദുഷ്പ്രവണതയെയാണു താന്‍ വിമര്‍ശിക്കുന്നത്‌ എന്നായിരുന്നു അതിനുള്ള അദ്ദേഹത്തിണ്റ്റെ ന്യായം.

ഇപ്പൊഴിതാ പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. പ്രതിചേര്‍ത്തപ്പോഴും വിമര്‍ശനം വി.എസിനു നേരെ തന്നെ. ഇത്തവണ മന്ദബുദ്ധി എന്നാണു പ്രയോഗം.ഇതിനെ കുറിച്ച്‌ പത്രക്കാര്‍ വിശദീകരണം ചോദിച്ചപ്പോഴും അദ്ദേഹത്തിണ്റ്റെ മറുപടി സമൂഹത്തിലെ പ്രവണതക്കെതിരെയാണു തണ്റ്റെ വിമര്‍ശനം എന്നാണു. എന്താണു അദ്ദേഹത്തിണ്റ്റെ സാംസ്കാരിക ആക്രമണം എപ്പോഴും വി.എസിനു പ്രതികൂലവും പിണറായിക്ക്‌ ശക്തമായ പിന്തുണയുമാകുന്നത്‌. വി.എസിനെ കുറിച്ച്‌ എം. മുകുന്ദന്‍ "കാലഹരണപ്പെട്ട പുണ്യവാളന്‍" എന്ന പറഞ്ഞപ്പോള്‍ മുകുന്ദനു അതുപറയാനുള്ള അവകാശമുണ്ട്‌ എന്നു പറഞ്ഞ്‌ പിണറായി വിഭാഗിയതയോട്‌ അദ്ദേഹം ചേര്‍ന്ന്‌ നില്‍ക്കുകയായിരുന്നു.

അതോടൊപ്പം മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണണ്റ്റെ ശവസ്കാര ചടങ്ങില്‍ കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച്‌ ആരും പങ്കെടുക്കാതിരുന്ന വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍, മുഖ്യമന്ത്രിയുടെ ഒരു സ്വാഭാവിക പ്രതികരണത്തെ മാധ്യമങ്ങളും വലതുപക്ഷവും കടന്നാക്രമിച്ചപ്പോള്‍ മൌനം പാലിച്ച കെ.ഇ.എന്‍. , വലതുപക്ഷ മാധ്യമങ്ങളുടെയും പിന്തിരിപ്പന്‍ ശക്തികളുടെയും ഇടതുപക്ഷ ആക്രമണങ്ങളെ കണ്ടില്ലന്ന്‌ വെച്ചതെന്തുകൊണ്ട്‌ ? നേരെത്തെ മന്ത്രി ജി.സുധാകരന്‍ നടത്തിയ ചില പ്രയോഗങ്ങളെ സംരക്ഷിച്ചയാളാണു കെ.ഇ.എന്‍ എന്നോര്‍ക്കണം.

ചുരുക്കത്തില്‍ പിണറായിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നതും ചെയ്യുന്നതും സാംസാകാരികമായി നല്ല പ്രവണതയും വി.എസിണ്റ്റെ ഓരോ നിലപാടും അദ്ദേഹത്തെ പിന്തുണക്കുന്നവരും ദുഷ്പ്രവണതയുടെ ലക്ഷണവുമായി സാംസ്കാരിക ഭഷ്യം ചമക്കലാണു ശ്രീ. കെ.ഇ. എന്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം എന്ന്‌ തോന്നും അദ്ദേഹത്തിണ്റ്റെ ഒരോ വാക്കും എഴുത്തും കാണുമ്പോള്‍ മുസ്ളിം സമുദായത്തില്‍ ഏറ്റവും പിന്തിരിപ്പന്‍ നിലപാട്‌ പുലര്‍ത്തുന്ന ഒരു സംഘടനാ നേതാവിനെയാണു കുറച്ചു മുമ്പ്‌ കെ.ഇ.എന്‍., ഏറ്റവും രചനാത്മകായ നിലപാടുള്ള മുസ്ളിം നേതാവ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌.(നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വോട്ട്‌ തന്നു എന്ന കാരണത്താല്‍ ഇങ്ങ്നെയുമുണ്ടോ ഒരു ഉപകാരസ്മരണ. )

ആത്യന്തികമായി സംഭവിക്കുന്നത്‌ ഇതാണു: ശ്രീ കെ.ഇ.എന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്കൃതമല്ലാത്ത വ്യക്തികളോടും സമീപനങ്ങളോടും ദാസ്യം കാണിക്കുന്ന , അവകളെ സാംസ്കാരികമായി പ്രതിരോധിക്കുന്ന ഒരാളായി രേഖപ്പെടുത്തപ്പെടുന്നു.