Monday, March 30, 2009

വര്‍ഗീയവാദത്തെ കുറിച്ച്‌ വാചാലരാവുന്ന ബി.ജെ. പി നേതാക്കള്‍

മതേതരത്വവും ചതിക്കുഴികളും എന്ന തലക്കെട്ടില്‍ മതൃഭൂമി ദിനപത്രത്തില്‍(25/03/09) ബി.ജെ. പി നേതാവു ശ്രീധരന്‍പിള്ള എഴുതി ഒരു ലേഖനം, വര്‍ഗീയതയുമായി സന്ധിയാവുന്ന കോഗ്രസിണ്റ്റെയും സി.പി.എം ണ്റ്റെ യും നീക്കത്തില്‍ ആശങ്കപ്പെടുന്നു. ഇന്ത്യയുടെ ബഹുമത സങ്കല്‍പത്തിലും അതിണ്റ്റെ മതനിരപേക്ഷ അടിത്തറയിലും അപരിഹാരമായ മുറിവുകളേല്‍പിച്ച ബി.ജെ.പി ക്കും അതിണ്റ്റെ നേതാക്കള്‍ക്കും ഇതു പറയാന്‍ അവകാശമുണ്ടോയെന്ന്‌ നെഞ്ചത്ത്‌ കൈവെച്ച്‌ അവര്‍ ചിന്തിക്കട്ടെ.

ഹിന്ദുത്വം എല്ലവര്‍ക്കുമുള്ള വിളിപ്പേരും ജീവിതരീതിയുമാണന്നാണോ ബി.ജെ.പി ഇതപര്യന്തം പ്രായോഗികമായി തെളീച്ചത്‌ ? ലേഖനത്തിലുടനീളം ഉദ്ധരണികള്‍കൊണ്ട്‌ വാചക കസര്‍ത്തുകള്‍ നടത്തുന്ന ശ്രീധരന്‍പിള്ള, സംഘ്‌ മുഖപത്രമായ കേസരി വാരിക 1987 ജൂലൈ 27 ലക്കത്തില്‍ എഴുതിയ "വൈദേശിക മതങ്ങളും അവയെ താങ്ങി നടക്കുന്ന വൈതാളികന്‍മാരും മൂടുതാങ്ങികളുമാണു ഇന്ന്‌ ഭാരതാംബയുടെ കണ്ണിലെ കരടുകളായിത്തീര്‍ന്നിട്ടുള്ളത്‌. ആ കരടുകള്‍ നീക്കം ചെയ്യാത്തിടത്തോളം കാലം ഭാരതാംബയുടെ കണ്ണുകള്‍ കലങ്ങിത്തന്നെയിരിക്കും." എന്ന വരികള്‍ കാണാതെപോയോ. ഈ വരികള്‍ക്കനുരൂപമായിട്ടല്ലെ ബി.ജെ.പിയുടെ പലനിര്‍ണായക തീരുമാനങ്ങളും പ്രായോഗിക പരിപാടികളും നടപ്പിലാക്കപെട്ടത്‌ എന്ന്‌ ഒരു സാധാര്‍ണക്കരന്‍ ചിന്തിച്ചാല്‍ കുറ്റപ്പെടുത്താനവില്ല.

ഗന്ധിജിയുടെ കൊലപാതകത്തില്‍ തുടങ്ങി ബാബരിമസ്ജിദ്‌ ധ്വംസനവും ഗുജറാത്ത്‌ വംശഹത്യയും ഒറീസ്സ കലാപവും ഏറ്റവും ഒടുവിലായി കര്‍ണാടകത്തില്‍ നടന്ന പ്രശ്നങ്ങളും പിന്നെ വരുണ്‍ ഗാന്ധിയുടെ വിഷലിപ്തമായ പ്രസംഗമുള്‍പ്പടെ ഒട്ടുവളരെ പഴയതും പുതിയതുമായ സംഭവങ്ങള്‍ ഇതിനുള്ള തെളിവുകളല്ലതെ മറ്റെന്താണു. ബാബരി മസ്ജിദ്‌ തകര്‍ത്തതിനു ശേഷമാണു ഇന്ന്‌ നമ്മള്‍ ചര്‍ച്ച ചെയുന്ന പി.ഡി.പി യും ഐ.എന്‍.എല്ലും,എന്‍.ഡി.എഫും പോപുലര്‍ ഫ്രണ്ടുമെല്ലാം രൂപം കൊള്ളുന്നത്‌ എന്നതും ഇവിടെ സ്മരണീയമാണു. അതിനാല്‍ സംഘ്പരിവാര്‍ ചെയ്ത അതിഗൌരവമുള്ള തെറ്റുകളെ തിരുത്തുകയോ മാപ്പുപറയുകയോ ചെയ്യതെ മറ്റുള്ളവരിലെ തെറ്റ്‌ ചൂണ്ടി സ്വന്തം തെറ്റിനെ ന്യായീകരിക്കുന്ന ശ്രീ ശ്രിധന്‍പിള്ളയുടെ നിലപാട്‌ അംഗീകരിക്കാനവില്ല.

എല്‍.ഡി.എഫോ യു.ഡി.എഫോ വര്‍ഗീയ കക്ഷിയല്ലങ്കിലും വര്‍ഗീയതയെ വളര്‍ത്തുന്ന നിലപാടുകള്‍ അവര്‍ കൈകൊള്ളുമ്പോള്‍ ബി.ജെ.പി പോലുള്ള വര്‍ഗീയ പിന്‍തിരിപ്പന്‍ സംഘടനകളെയാണു തങ്ങള്‍ വളത്തുന്നത്‌ എന്നു സി.പി.എം ഉം കോണ്‍ഗ്രസും ഓര്‍ക്കുന്നതും നന്ന്‌.

Monday, March 9, 2009

ടിപ്പുവും ഗാന്ധിജിയും ശബരിമല ശ്രീകോവിലും


ടിപ്പുസുല്‍ത്താണ്റ്റെ വാള്‍ ലക്ഷക്കണക്കിനു രൂപയുടെ ലേലത്തിലുടെ സ്വന്തമാക്കിയ, ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൂശാന്‍ പണം വാരിയെറിഞ്ഞ അതേ മദ്യവ്യവസായി വിജയ്‌ മല്ല്യ ഒടുവില്‍ ഗാന്ധിജിയുടെ മെതിയടിയും കണ്ണടയും ഉള്‍പ്പെടെയുള്ള അഞ്ചോളം വസ്തുക്കള്‍ മറ്റൊരു വാന്‍ ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കൂന്നു.

മദ്യത്തിനെതിരെ മരണം വരെ പോരാടിയ ഗന്ധിജിയുടെയും വിശുദ്ധിയുടെ പര്യായമായി ഒട്ടുവളരെ വിശ്വാസികള്‍ക്ക്‌ പ്രാധാന്യമുള്ള ശബരിമലയുടെയും രാജ്യസ്നേഹം മാത്രമല്ല ധാര്‍മ്മിക മൂല്യങ്ങള്‍ക്കും ശ്രദ്ധനല്‍കിയ ടിപ്പുവിണ്റ്റെയും ശേഷിപ്പുകള്‍ക്ക്‌ ഒരു മദ്യ രാജാവിലുടെ മോചനം എന്നത്‌ നാം ഇന്ത്യക്കാര്‍ ലജ്ജിച്ചു തലതാഴ്ത്തണം. അല്ലങ്കിലും നമ്മള്‍ തന്നെയാണു ഇതിനു ഉത്തരവാധി. ഒരു മദ്യ മുതലാളിക്ക്‌ ഇതിനൊക്കെ നാം അവസരം കൊടുത്തിട്ട്‌ പിന്നെ എന്തിനു അയാളെ കുറ്റപ്പെടുത്തണം. വിജയ്‌ മല്യയേക്കാള്‍ സമ്പന്നരല്ലാത്തവര്‍ നമുക്കില്ലാതെപോയത്‌ കൊണ്ടൊന്നുമല്ലല്ലൊ ഇത്‌ സംഭവിക്കുന്നത്‌.


വസ്തവത്തില്‍ ഇതിലൂടെ വന്നു ചേരുന്ന മറ്റൊരു വലിയ ദുരന്തമാണു ഒരു മദ്യവ്യവസായിക്ക്‌ സമൂഹത്തില്‍ കൈവരുന്ന ഇമേജും സ്വീകാര്യതയും. മറ്റേതൊരു വ്യാപാര വ്യവസായത്തെയും പൊലെ മദ്യവ്യവസായവും നല്ലതാണെന്ന ധാരണയും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഏതായാലും ഗാന്ധിജിയെയും ശബരിമലയെയും ടിപ്പുവിനെയും മനസ്സില്‍ ഓര്‍ക്കുമ്പോള്‍ മദ്യവ്യവസായി വിജയ്‌ മല്യയേയും നമുക്ക്‌ ഓര്‍ക്കാം!!

Sunday, March 1, 2009

സി.എഫ്‌.എല്‍. ലാമ്പും കേരള ബഡ്ജറ്റും

2009-2010ലെ കേരള ബഡ്ജറ്റ്‌, നിയമസഭയില്‍ അവതരിപ്പിച്ച്‌ കൊണ്ട്‌ ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക്‌ പ്രഖ്യാപിച്ചു:"2009-10 ഊര്‍ജ്ജ മിതവ്യയ വര്‍ഷമായി ആചരിക്കും. മുഴുവന്‍ ബള്‍ബുകള്‍ക്കും പകരം സി.എഫ്‌.എല്ലുകള്‍ സ്ഥാപിക്കുകയണു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പരിപാടി.........സമ്പൂര്‍ണ സി.എഫ്‌.എല്‍. പരിപാടി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും ..... " ഊര്‍ജ്ജ പ്രതിസന്ധി ഏറ്റവും ശക്തമായി അനുഭവിക്കുന്ന കേരളം തികഞ്ഞ ആഹ്ളാദത്തോടെയാണു മന്ത്രിയുടെ ഈ പ്രഖ്യാപനം ശ്രദ്ധിച്ചത്‌. മുഴുവന്‍ ഉപയോക്താക്കളും ഇന്‍കാന്‍ഡസെന്‍ഡ്‌ ബള്‍ബിനു പകരം കോംപാക്ട്‌ ഫ്ളൂറസണ്റ്റ്‌ ലാമ്പ്‌ ഉപയോഗിക്കുകയാണങ്കില്‍ ഇടുക്കി പദ്ധതിയുടെ ശേഷിയായ 780 മെഗാവാട്ട്‌ പീക്ക്‌ ലോഡിനു സമാനമായ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്ന്‌ മന്ത്രി തുടര്‍ന്ന്‌ പ്രത്യാശ പ്രകടിപ്പിക്കുന്നു.




ഗ്രീന്‍പീസിനെ പോലുള്ള സംഘടനകള്‍ ഏറെ നാളായി സര്‍ക്കാറുകളോട്‌ ആവശ്യപ്പെടുന്ന ഒരു പദ്ധതിയാണു നമ്മുടെ ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഈ തീരുമാനം ഏറെ അഭിനന്ദനാര്‍ഹമാണു. ഇനിയിപ്പോള്‍ ആകെയുള്ള ആശങ്ക ഇതുപോലുള്ള വളരെ ഭാവാത്മകമായ പരിപാടികള്‍ കൃത്യമായി നടപ്പില്‍ വരുത്തുന്നതിനെ കുറിച്ച്‌ മാത്രമാണു. കാരണം നമ്മുടെ മാറി മാറി വരുന്ന സര്‍ക്കാറുകളുടെ പല വാഗ്ദാനങ്ങളും ഏട്ടിലെ പശുവായി അവശേഷിക്കാറുണ്ടല്ലോ. ഏതായാലും നമുക്ക്‌ ശുപാപ്തി വിശ്വാസം നിലനിറുത്താം.

ഇനി ഈ എന്‍ര്‍ജി സേവിംഗ്‌ ഡ്രൈവിണ്റ്റെ മറ്റൊരു വശവും കൂടി നാം ഗൌരവമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. അതായത്‌ ഉപയോഗ ശുന്യമായ CFL ലാമ്പിണ്റ്റെ ശരിയായ wasate management. ഈ ലാമ്പില്‍ അടങ്ങിയിട്ടുള്ള മെര്‍ക്കുറി എന്ന രാസവസ്തു ശരിയായ രീതിയില്‍ ശാസ്ത്രീയമായി നശിപ്പിക്കപ്പെട്ടില്ലങ്കില്‍ വളരെ അപകടകാരിയാണെന്നാണു പഠനങ്ങള്‍ തെളീക്കുന്നത്‌. വ്യാപകമായ ഊര്‍ജ്ജ ബോധവത്കരണത്തിണ്റ്റെ ഫലമായി cfl ലാമ്പിണ്റ്റെ ഇന്ത്യയിലെ ഉപപോഗം വളരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇതിണ്റ്റെ waste managementഉം ഫലപ്രദമാക്കേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ ഗവണ്‍മെണ്റ്റുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഗൌരവ നടപടികള്‍ എടുത്തിട്ടില്ല എന്ന പരാതി ശക്തമായി നിലനില്‍ക്കുന്നു.


ദശാബ്ദങ്ങള്‍ക്കു മുമ്പ്‌ ജപ്പാനിലെ ഒരു പ്രദേശത്തെ മെര്‍ക്കുറിയാല്‍ മലിനീകരിക്കപ്പെട്ട ഒരു നദിയിലെ മത്സ്യങ്ങള്‍ ഭക്ഷിച്ചതിണ്റ്റെ ഫലമായി ആയിരത്തിലധികം ജങ്ങള്‍ ഞരമ്പ്‌ സംബന്ധമായ കടുത്ത്‌ രോഗങ്ങള്‍ക്ക്‌ വിധേയരായി (Minamata disease) എന്നത്‌ മെര്‍ക്കുറിയുടെ ഏറ്റവും മാരകമായ പ്രത്യാഘാതമായി നമ്മുടെ മുന്നിലുണ്ട്‌.


അതിനാല്‍ cfl നെ വ്യാപകമാക്കുന്നതോടുകൂടി തന്നെ ഉപയോഗശൂന്യമായ cfl നെ ഫലപ്രദമായി dispose ചെയ്യുന്നതിനും സര്‍ക്കാറിനും ജനങ്ങള്‍ക്കും ബാധ്യതയുണ്ട്‌. അതിനായി വ്യക്തമായ ബോധവത്കരണവും മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.