Sunday, January 18, 2009

രാഷട്രീയ പാര്‍ട്ടികളും രാഷ്ട്രീയ പ്രേരിതമെന്ന ആരോപണവും

രാഷ്ട്രീയ പാര്‍ട്ടികളെടുക്കുന്ന തീരുമാനങ്ങളെയും നിലപാടുകളെയും നേരിട്ട്‌ വിമര്‍ശിക്കാന്‍ വകുപ്പില്ലാതെ വരുമ്പോള്‍ നമ്മുടെ പാര്‍ട്ടികള്‍ പരസ്പരം ഉപയോഗിക്കുന്ന ഒരു വാക്കാണു രാഷ്ട്രീയ പ്രേരിതം എന്നത്‌.

ഉദാഹരണമായി അടുത്തിടെ കേരളത്തിലെ ഭരിക്കുന്ന മുന്നണിയിലെ പ്രമുഖ സംഘടനയെടുത്ത ചില നയനിലപാടുകളുകള്‍ക്ക്‌ നേരെ മറ്റു ചില രാഷ്ട്രീയ സംഘടനകള്‍ ഉന്നയിച്ച അരോപണം എടുക്കാം.ആണവ കരാറിനെ ലോകസഭയിലും പുറത്തും അതിശക്തമായി എതിര്‍ക്കുകയും അതിണ്റ്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിന്നും ഇറാഖ്‌ പ്രസിഡന്‍ണ്ടിനെ കൊലചെയ്തതില്‍ ശക്തമായി പ്രധിഷേധിച്ചതിനും ഏറ്റവും ഒടുവിലായി പലസ്തീനില്‍ ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന വംശീയ ഉന്‍മൂലനത്തില്‍ ശക്തമായി വിമര്‍ശിക്കുന്നതിലും കേരളത്തിലെ പ്രതിപക്ഷ മുന്നണിയിലെ മുഖ്യ കക്ഷിയും ആമുന്നണിയിലെ ഒരു മതസാമുദായിക രഷ്ട്രീയ പാര്‍ട്ടിയും രാഷ്ട്രീയ പ്രേരിത ലക്ഷ്യമാണു കാണുന്നത്‌.

സാമ്രാജ്യത്ത വിരോധം മുഖ്യ അജന്‍ഡയാണന്ന്‌ പറയുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉപര്യുക്ത നിലപാടുകള്‍ ആ നിലക്കൂ രാഷ്ട്രീയ പ്രേരിതമാകേണ്ടതു തന്നെയല്ലെ. പിന്നെ വിമര്‍ശിക്കുന്നവര്‍ പറയും അത്തരം നിലപാടുകള്‍ എടുക്കുന്നത്‌ ഒരു പ്രത്യാക മതവിഭാഗത്തെ പ്രീണിപ്പിക്കനാണെന്ന്‌. ഈ വിമര്‍ശിക്കുന്ന പാര്‍ട്ടികളോട്‌ തന്നെ ഇതുപോലുള്ള വിഷയങ്ങളില്‍ തങ്ങളുടെ നയമെന്താണു എന്നു ചോദിച്ചാല്‍ അവരും സമ്മതിക്കും അമേരിക്കക്ക്‌ സദ്ദമിനെ കൊല്ലാന്‍ അര്‍ഹതയില്ലന്നും, ഫലസ്തീനില്‍ ഇസ്രായേല്‍ കാണിക്കുന്നത്‌ മനുഷ്യാവകശ ലംഘനമാണന്നും അതുപോലെ ആണവക്കരാറില്‍ അമേരിക്കയുടെ ഉദ്ദേശ്യമെന്തന്നും. ഇത്തരമൊരു സാമ്രജ്യത്ത വിരുദ്ധ നിലപാടിണ്റ്റെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ ആ പാര്‍ട്ടിയോട്‌ അനുഭാവം കാട്ടുന്നുണ്ടാവാം.

രാഷ്ട്രത്തെ സംബന്ധിക്കുന്നതെന്തും രാഷ്ട്രീയമാകയാല്‍ ഈ നിലപാടുകളെ രാഷ്ട്രീയപ്രേരിതമെന്ന്‌ കരുതുന്നതില്‍ തെറ്റില്ല. പക്ഷെ അതിനെ പ്രീണനമെന്ന്‌ വിളിക്കുന്നതില്‍ തെറ്റുണ്ട്‌. അതോടൊപ്പം കേരളത്തിലെ ഒരു ന്യുനപക്ഷ സമുദായത്തിണ്റ്റെ രാഷ്ട്രീയ പാര്‍ട്ടിക്കും കേരളത്തിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയിലെ നെഹ്‌റുവിയന്‍ ചിന്താഗതിക്കാര്‍ക്കും ശുദ്ധ ഗാന്ധിയന്‍മാര്‍ക്കും സാമ്രാജ്യത്ത വിരുദ്ധമായ ചേരിചേരാ നിലപാടുകളെ പിന്തുണക്കുന്ന മാനവിക കാഴ്ചപ്പാടുണ്ടങ്കിലും അവര്‍ക്കത്‌ അധികാര പരമായ കാരണങ്ങളാല്‍ വ്യക്തമായി പ്രക്ടിപ്പിക്കാനും അതിനനുസരിച്ച്‌ നിലപാടെടുക്കാനും കഴിയുന്നില്ല എന്നതാണു വസ്തുത. വലതുകക്ഷികള്‍ തങ്ങള്‍ക്ക്‌ കിട്ടുന്ന അവസരം ഉപയോഗപെടുത്തിന്നില്ല എന്ന്‌ പറയുന്നതാവും ശരി.

ഈ ഒരു ആത്മസംഘര്‍ഷത്തെ പലരും നേരിടുന്നത്‌ രാഷ്ട്രീയ പ്രേരിതം എന്ന ശരിയായ വാക്കിനെ തെറ്റായ പരികല്‍പന നല്‍കികൊണ്ടാണു. ഈ പ്രയോഗം വലതു കക്ഷികള്‍ മാത്രമല്ല ഉപയോഗിക്കുന്നത്‌. ഇടതു കക്ഷികളും തരംപോലെ എടുത്തു ഉപയോഗിക്കാറുണ്ട്‌ .അതു വളരെ അപൂര്‍വ്വമാണന്ന്‌ മാത്രം.

No comments: