Sunday, February 15, 2009

തെറ്റായാലും ശരിയായാലും എണ്റ്റെ പര്‍ട്ടി/സമുദായം/രാഷ്ട്രം


തീവ്ര ദേശീയത കടന്നു വരുന്നതിണ്റ്റെ ഒരു പ്രധാന വഴിയാണു തെറ്റായാലും ശരിയായാലും എണ്റ്റെ രാജ്യമെന്നുള്ള മനോഗതി. അതുപോലെ എണ്റ്റെ സമുദായം അത്‌ തെറ്റായാലും ശരിയായലും എന്നുള്ളത്‌ സാമുദായിക വാദത്തിലേക്കും പിന്നെ വര്‍ഗീയതയിലേക്കും നയിക്കുന്നു. സമാന സ്വഭാവത്തിലുള്ള മറ്റൊരു വാദമാണു തെറ്റായാലും ശരിയായാലും എണ്റ്റെ പാര്‍ട്ടി എന്ന അതിവാദം. ഇവ മൂന്നും എതിര്‍ക്കപ്പെടേണ്ടതുണ്ട്‌.


ഇതിവിടെ പരാമര്‍ശിക്കാന്‍ കാരണം എസ്‌.എന്‍.സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട്‌ നാം കേള്‍ക്കുന്ന വാദഗതികളാണു. അഴിമതി രഹിതവും കളങ്കരഹിതവുമായ ഒരു ഇമേജ്‌ പാര്‍ട്ടിക്കു നഷ്ടപ്പടുകയല്ലെ എന്നു പത്രസമ്മേളനത്തിലും ചാനല്‍ ചര്‍ച്ചയിലും ചോദിക്കപ്പെടുമ്പോള്‍ പലപ്പോഴും ചിലനേതാക്കളെങ്കിലും പറയുന്നത്‌ ഞാന്‍ പാര്‍ട്ടിയെ defend ചെയ്യാന്‍ ബാധ്യസ്ഥനാണു എന്നാണു.അതായത്‌ ഞാന്‍ മറുത്തൊന്നും പറയില്ല എണ്റ്റെ പാര്‍ട്ടി ശരിയാണു എന്നാണു അദ്ദേഹം പറയാതെ പറയുന്നത്‌. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു ടി.വി ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട്‌ പ്രസ്സ്‌ അക്കാദമി ചെയര്‍മാനായ ശ്രീ.എസ്‌.ആര്‍.ശക്തിധരന്‍ പ്രതികരിച്ചത്‌ ഇതേ നിലയിലാണു. മനോരമ ചാനലിലെ "നേരെചൊവ്വെ" അഭിമുഖത്തില്‍ മാര്‍ക്സിസ്റ്റ്‌ നേതാവും മഞ്ചേരി എം.പി യുമായ ശ്രീ ടി.കെ. ഹംസയും തനിക്ക്‌ ന്യായീകരിക്കാന്‍ പറ്റാത്ത ഒരു കാര്യം വന്നപ്പോള്‍ ഇങ്ങനെ പറഞ്ഞൊഴിയുകയുണ്ടായി.


അതോടൊപ്പം പാര്‍ട്ടിയെ അംഗീകരിക്കാത്തവരെയൊക്കെ ഇവര്‍ കടുത്തഭാഷയില്‍ ഭര്‍ത്സ്തിക്കുകയും ചെയ്യുന്നു എന്നു കൂട്ടത്തില്‍ പറയണം(പഴയ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ അഴീക്കോടന്‍ രാഘവനെ അഴിമതിക്കോടന്‍ എന്നാണു ഒരുകാലത്ത്‌ വലതുപക്ഷമാധ്യമങ്ങളും പാര്‍ട്ടികളും വിശേഷിപ്പിച്ചിരുന്നതെന്നും പിന്നീട്‌ അഴീക്കോടന്‍ കൊലചെയ്യപ്പട്ടപ്പോള്‍ ആറടി മണ്ണു പോലുമുണ്ടായിരുന്നില്ല എന്നും വികാരാധീനനായി പറയുന്ന സഖാക്കള്‍ ഇന്ന്‌ പാര്‍ട്ടിനേതാവും പൊളീറ്റ്ബ്യൂറോ മെമ്പറുമായ മുഖ്യമന്ത്രിയെ എന്തൊക്കെയാണു "വിശേഷിപ്പിക്കുന്നത്‌".ചിലര്‍ ആള്‍ദൈവം, മന്ദബുദ്ധി എന്നൊക്കെ പറയുമ്പോള്‍ മറ്റുചിലര്‍ തെരുവില്‍ തെണ്ടേണ്ടിവരും എന്നാണു പ്രവചിക്കുന്നത്‌. )

സി.പി.എം നെ സംബന്ധിച്ചിടത്തോളം ഇതൊരു വല്ലാത്ത ദുരന്തം തന്നെയാണു. അഴിമതിയുള്ളവരെയും അതിനു അരോപണ വിധേയരായവരെയും തിരുത്താനു ശുദ്ധീകരിക്കാനും തിടുക്കം കാട്ടിയിട്ടുള്ള ഒരു സംഘടനയാണിന്ന്‌, പാര്‍ട്ടിയാണു SNC LAVLIN കരാര്‍ അംഗീകരിച്ചത്‌ അതിനാല്‍ അത്‌ അഴിമതിയല്ല പാര്‍ട്ടി ശരിയാണു പറയുന്നത്‌ എന്ന്‌ പറയുന്നുത്‌. തെറ്റായാലും ശരിയായാലും എണ്റ്റെ പാര്‍ട്ടി എന്ന നിലപാടിലേക്കു ഇവര്‍ വഴിമാറിയിരിക്കുന്നു !

No comments: