Wednesday, February 11, 2009

മിതവാദവും തീവ്രവാദവും.

തീവ്രവാദം അല്ലങ്കില്‍ മിതവാദം എന്നൊക്കെ നാം വായിക്കുമ്പോഴോ കേള്‍ക്കുമ്പോഴോ പെട്ടെന്ന്‌ മനസ്സില്‍ ഓടിയെത്തുക മതത്തിനെ കുറിച്ചായിരിക്കും. വാസതവത്തില്‍ മിതവാദവും തീവ്രവാദവുമൊക്കെ അങ്ങനെ മതവിശ്വാസികള്‍ക്ക്‌ മാത്രമായി പതിച്ചു നല്‍കേണ്ടതാണോ എന്ന്‌ സംശയിക്കേണ്ട പല സന്ദര്‍ഭങ്ങളുമുണ്ട്‌. മതവിശ്വാസികളില്‍ തീവ്രവാദ മിതവാദ ചിന്തകള്‍ വെച്ച്പുലര്‍ത്തുന്നവരെ പോലെ മതനിഷേധി/മതേതര വാദികളിലും ഈ നിലപാടുള്ളവരെ കാണാന്‍ കഴിയും.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണു എന്ന്‌ വിശ്വസിക്കുന്ന യഥാര്‍ത്ഥ മാര്‍ക്സിസ്റ്റു പോലും മതത്തെ നിര്‍മാര്‍ജജനം ചെയ്യേണ്ടത്‌ അതുണ്ടാവാനുള്ള സാഹചര്യത്തെ ഇല്ലാതാക്കി കോണ്ടാവണം അല്ലാതെ മതത്തോട്‌ നേരിട്ട്‌ ഏറ്റുമുട്ടികൊണ്ടല്ല എന്നാണു വിശ്വസിക്കുന്നത്‌ . ആദ്യകാലങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിക്കാര്‍ മതവിശ്വാസത്തോടു പുലര്‍ത്തിയിരുന്ന കടുത്ത സമീപനങ്ങളില്‍ ഇപ്പോള്‍ ഒരു പുനര്‍വിചിന്തനം കാണാന്‍ കഴിയുന്നുണ്ട്‌. ഇങ്ങനെയൊക്കെയാണങ്കിലും കടുത്ത നിഷേധാത്മക സമീപനവും അപ്രായോഗിക കാഴ്ചപ്പാടും സ്വീകരിക്കുന്ന അപൂര്‍വ്വം ചിലരെ ഇപ്പോഴും കണാന്‍ കഴിയും.

ഒരു കോളേജ്‌ പ്രൊഫസറായിരുന്ന ശ്രീ.ഹമീദ്‌ ചേന്ദംഗലൂറ്‍ മറ്റൊരു കോളേജ്‌ പ്രൊഫസറായിരുന്ന മാര്‍ക്സിസ്റ്റുകാരനും പൊന്നാനി മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനുമായ ശ്രീ.എം.എം നാരായണനെ വിമര്‍ശിക്കുന്നത്‌ എന്തിനാണെന്ന്‌ ഈ പോസ്റ്റു വായിച്ചാല്‍ മനസ്സിലാവും. ദേശാഭിമാനി വാരികയില്‍ ശ്രീ എം.എം നാരായണനെഴുതിയ ഒരു ലേഖനത്തില്‍ ഖുര്‍ആന്‍ വചനമുദ്ധരിച്ചതിണ്റ്റെ ഒടുവിലായി .വി.ഖുര്‍ആന്‍ എന്ന്‌ എഴുതിയതാണു വര്‍ഗീയ പ്രീണനത്തിണ്റ്റെയും പര്‍ലമെണ്റ്ററി വ്യാമോഹത്തിണ്റ്റെയും ലക്ഷണമായി ശ്രീ ഹമീദ്‌ അവതരിപ്പിക്കുന്നത്‌. വിശുദ്ധ ഗീത അല്ലങ്കില്‍ വിശുദ്ധ ബൈബിള്‍ എന്നൊന്നും ഉപയോഗിക്കാത്തത്‌ പോലെ വിശുദ്ധ ഖുര്‍ആന്‍ എന്നും ഉപയോഗിക്കേണ്ടതില്ല എന്നാണു ഹമീദ്‌ വാദിക്കുന്നത്‌.

നോക്കൂ എത്ര നിസ്സരമായ ഒരു കാര്യത്തെയാണു വര്‍ഗീയതയായി നമ്മുടെ തീവ്ര ഭൌതികവാദികള്‍ അവതരിപ്പിക്കുന്നത്‌. ദാഹിച്ച ഒരു ഒരു മുസ്ളിമിനു വെള്ളം കൊടുത്താല്‍ പോലും വര്‍ഗീയ പ്രീണനമായി ബി.ജെ.പി അതിനെ കാണും എന്നാരോ എഴുതിയതാണു ഇവിടെ ഒാര്‍മ്മവരുന്നത്‌. ആദ്യം സൂചിപ്പിച്ചത്‌ പോലെ മാര്‍ക്സിറ്റുകാര്‍ മതങ്ങളോടുള്ള സമീപനങ്ങളില്‍ കുറെക്കൂടി യാഥാര്‍ത്യബൊധം വരുത്തിയിരിക്കുന്നു. മതവിശ്വാസികള്‍ തങ്ങളുടെ മത ഗ്രന്‍ഥങ്ങളെയും മറ്റും എങ്ങനെ വിശേഷിപ്പിക്കുന്നു അതേ വിശേഷണം അല്ലങ്കില്‍ ആ ഒരു ആദരവ്‌ അവയില്‍ വിശ്വസിക്കാത്തവരും അതിനു നല്‍കുന്നു എന്ന ഒരു തികച്ചും സൌഹാര്‍ദ്ധപൂര്‍ണമായ ഒരു സമീപനമായല്ലേ നാരായണണ്റ്റെ ആ പ്രയോഗത്തെ കാണേണ്ടതൊള്ളൂ. ഒരു ബഹുസ്വര സമൂഹത്തില്‍ മതവിശ്വാസികള്‍ പരസ്പരം മാത്രമല്ലല്ലോ സൌഹൃദവും ബഹുമാനവുമുണ്ടായിരിക്കേണ്ടതു.മതവിശ്വാസമില്ലാത്തവര്‍ക്കും നല്ലബന്ധവും നല്ല സമീപനങ്ങളും ആവശ്യമാണല്ലോ.

പക്ഷെ സമൂഹത്തിണ്റ്റെ ഇടയിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അവരുടെ പ്രശ്നങ്ങളില്‍ തൊട്ടറിയുന്നവര്‍ക്കേ അവരുടെ വികാരവും മനസ്സിലാക്കാനാവൂ അല്ലാതെ ദന്ത ഗോപുര വാസികളായ കേവല ബുദ്ധിജീവികള്‍ക്ക്‌ അതു മനസ്സിലാവണമെന്നില്ല.

No comments: