Sunday, February 15, 2009

തെറ്റായാലും ശരിയായാലും എണ്റ്റെ പര്‍ട്ടി/സമുദായം/രാഷ്ട്രം


തീവ്ര ദേശീയത കടന്നു വരുന്നതിണ്റ്റെ ഒരു പ്രധാന വഴിയാണു തെറ്റായാലും ശരിയായാലും എണ്റ്റെ രാജ്യമെന്നുള്ള മനോഗതി. അതുപോലെ എണ്റ്റെ സമുദായം അത്‌ തെറ്റായാലും ശരിയായലും എന്നുള്ളത്‌ സാമുദായിക വാദത്തിലേക്കും പിന്നെ വര്‍ഗീയതയിലേക്കും നയിക്കുന്നു. സമാന സ്വഭാവത്തിലുള്ള മറ്റൊരു വാദമാണു തെറ്റായാലും ശരിയായാലും എണ്റ്റെ പാര്‍ട്ടി എന്ന അതിവാദം. ഇവ മൂന്നും എതിര്‍ക്കപ്പെടേണ്ടതുണ്ട്‌.


ഇതിവിടെ പരാമര്‍ശിക്കാന്‍ കാരണം എസ്‌.എന്‍.സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട്‌ നാം കേള്‍ക്കുന്ന വാദഗതികളാണു. അഴിമതി രഹിതവും കളങ്കരഹിതവുമായ ഒരു ഇമേജ്‌ പാര്‍ട്ടിക്കു നഷ്ടപ്പടുകയല്ലെ എന്നു പത്രസമ്മേളനത്തിലും ചാനല്‍ ചര്‍ച്ചയിലും ചോദിക്കപ്പെടുമ്പോള്‍ പലപ്പോഴും ചിലനേതാക്കളെങ്കിലും പറയുന്നത്‌ ഞാന്‍ പാര്‍ട്ടിയെ defend ചെയ്യാന്‍ ബാധ്യസ്ഥനാണു എന്നാണു.അതായത്‌ ഞാന്‍ മറുത്തൊന്നും പറയില്ല എണ്റ്റെ പാര്‍ട്ടി ശരിയാണു എന്നാണു അദ്ദേഹം പറയാതെ പറയുന്നത്‌. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു ടി.വി ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട്‌ പ്രസ്സ്‌ അക്കാദമി ചെയര്‍മാനായ ശ്രീ.എസ്‌.ആര്‍.ശക്തിധരന്‍ പ്രതികരിച്ചത്‌ ഇതേ നിലയിലാണു. മനോരമ ചാനലിലെ "നേരെചൊവ്വെ" അഭിമുഖത്തില്‍ മാര്‍ക്സിസ്റ്റ്‌ നേതാവും മഞ്ചേരി എം.പി യുമായ ശ്രീ ടി.കെ. ഹംസയും തനിക്ക്‌ ന്യായീകരിക്കാന്‍ പറ്റാത്ത ഒരു കാര്യം വന്നപ്പോള്‍ ഇങ്ങനെ പറഞ്ഞൊഴിയുകയുണ്ടായി.


അതോടൊപ്പം പാര്‍ട്ടിയെ അംഗീകരിക്കാത്തവരെയൊക്കെ ഇവര്‍ കടുത്തഭാഷയില്‍ ഭര്‍ത്സ്തിക്കുകയും ചെയ്യുന്നു എന്നു കൂട്ടത്തില്‍ പറയണം(പഴയ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ അഴീക്കോടന്‍ രാഘവനെ അഴിമതിക്കോടന്‍ എന്നാണു ഒരുകാലത്ത്‌ വലതുപക്ഷമാധ്യമങ്ങളും പാര്‍ട്ടികളും വിശേഷിപ്പിച്ചിരുന്നതെന്നും പിന്നീട്‌ അഴീക്കോടന്‍ കൊലചെയ്യപ്പട്ടപ്പോള്‍ ആറടി മണ്ണു പോലുമുണ്ടായിരുന്നില്ല എന്നും വികാരാധീനനായി പറയുന്ന സഖാക്കള്‍ ഇന്ന്‌ പാര്‍ട്ടിനേതാവും പൊളീറ്റ്ബ്യൂറോ മെമ്പറുമായ മുഖ്യമന്ത്രിയെ എന്തൊക്കെയാണു "വിശേഷിപ്പിക്കുന്നത്‌".ചിലര്‍ ആള്‍ദൈവം, മന്ദബുദ്ധി എന്നൊക്കെ പറയുമ്പോള്‍ മറ്റുചിലര്‍ തെരുവില്‍ തെണ്ടേണ്ടിവരും എന്നാണു പ്രവചിക്കുന്നത്‌. )

സി.പി.എം നെ സംബന്ധിച്ചിടത്തോളം ഇതൊരു വല്ലാത്ത ദുരന്തം തന്നെയാണു. അഴിമതിയുള്ളവരെയും അതിനു അരോപണ വിധേയരായവരെയും തിരുത്താനു ശുദ്ധീകരിക്കാനും തിടുക്കം കാട്ടിയിട്ടുള്ള ഒരു സംഘടനയാണിന്ന്‌, പാര്‍ട്ടിയാണു SNC LAVLIN കരാര്‍ അംഗീകരിച്ചത്‌ അതിനാല്‍ അത്‌ അഴിമതിയല്ല പാര്‍ട്ടി ശരിയാണു പറയുന്നത്‌ എന്ന്‌ പറയുന്നുത്‌. തെറ്റായാലും ശരിയായാലും എണ്റ്റെ പാര്‍ട്ടി എന്ന നിലപാടിലേക്കു ഇവര്‍ വഴിമാറിയിരിക്കുന്നു !

Wednesday, February 11, 2009

മിതവാദവും തീവ്രവാദവും.

തീവ്രവാദം അല്ലങ്കില്‍ മിതവാദം എന്നൊക്കെ നാം വായിക്കുമ്പോഴോ കേള്‍ക്കുമ്പോഴോ പെട്ടെന്ന്‌ മനസ്സില്‍ ഓടിയെത്തുക മതത്തിനെ കുറിച്ചായിരിക്കും. വാസതവത്തില്‍ മിതവാദവും തീവ്രവാദവുമൊക്കെ അങ്ങനെ മതവിശ്വാസികള്‍ക്ക്‌ മാത്രമായി പതിച്ചു നല്‍കേണ്ടതാണോ എന്ന്‌ സംശയിക്കേണ്ട പല സന്ദര്‍ഭങ്ങളുമുണ്ട്‌. മതവിശ്വാസികളില്‍ തീവ്രവാദ മിതവാദ ചിന്തകള്‍ വെച്ച്പുലര്‍ത്തുന്നവരെ പോലെ മതനിഷേധി/മതേതര വാദികളിലും ഈ നിലപാടുള്ളവരെ കാണാന്‍ കഴിയും.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണു എന്ന്‌ വിശ്വസിക്കുന്ന യഥാര്‍ത്ഥ മാര്‍ക്സിസ്റ്റു പോലും മതത്തെ നിര്‍മാര്‍ജജനം ചെയ്യേണ്ടത്‌ അതുണ്ടാവാനുള്ള സാഹചര്യത്തെ ഇല്ലാതാക്കി കോണ്ടാവണം അല്ലാതെ മതത്തോട്‌ നേരിട്ട്‌ ഏറ്റുമുട്ടികൊണ്ടല്ല എന്നാണു വിശ്വസിക്കുന്നത്‌ . ആദ്യകാലങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിക്കാര്‍ മതവിശ്വാസത്തോടു പുലര്‍ത്തിയിരുന്ന കടുത്ത സമീപനങ്ങളില്‍ ഇപ്പോള്‍ ഒരു പുനര്‍വിചിന്തനം കാണാന്‍ കഴിയുന്നുണ്ട്‌. ഇങ്ങനെയൊക്കെയാണങ്കിലും കടുത്ത നിഷേധാത്മക സമീപനവും അപ്രായോഗിക കാഴ്ചപ്പാടും സ്വീകരിക്കുന്ന അപൂര്‍വ്വം ചിലരെ ഇപ്പോഴും കണാന്‍ കഴിയും.

ഒരു കോളേജ്‌ പ്രൊഫസറായിരുന്ന ശ്രീ.ഹമീദ്‌ ചേന്ദംഗലൂറ്‍ മറ്റൊരു കോളേജ്‌ പ്രൊഫസറായിരുന്ന മാര്‍ക്സിസ്റ്റുകാരനും പൊന്നാനി മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനുമായ ശ്രീ.എം.എം നാരായണനെ വിമര്‍ശിക്കുന്നത്‌ എന്തിനാണെന്ന്‌ ഈ പോസ്റ്റു വായിച്ചാല്‍ മനസ്സിലാവും. ദേശാഭിമാനി വാരികയില്‍ ശ്രീ എം.എം നാരായണനെഴുതിയ ഒരു ലേഖനത്തില്‍ ഖുര്‍ആന്‍ വചനമുദ്ധരിച്ചതിണ്റ്റെ ഒടുവിലായി .വി.ഖുര്‍ആന്‍ എന്ന്‌ എഴുതിയതാണു വര്‍ഗീയ പ്രീണനത്തിണ്റ്റെയും പര്‍ലമെണ്റ്ററി വ്യാമോഹത്തിണ്റ്റെയും ലക്ഷണമായി ശ്രീ ഹമീദ്‌ അവതരിപ്പിക്കുന്നത്‌. വിശുദ്ധ ഗീത അല്ലങ്കില്‍ വിശുദ്ധ ബൈബിള്‍ എന്നൊന്നും ഉപയോഗിക്കാത്തത്‌ പോലെ വിശുദ്ധ ഖുര്‍ആന്‍ എന്നും ഉപയോഗിക്കേണ്ടതില്ല എന്നാണു ഹമീദ്‌ വാദിക്കുന്നത്‌.

നോക്കൂ എത്ര നിസ്സരമായ ഒരു കാര്യത്തെയാണു വര്‍ഗീയതയായി നമ്മുടെ തീവ്ര ഭൌതികവാദികള്‍ അവതരിപ്പിക്കുന്നത്‌. ദാഹിച്ച ഒരു ഒരു മുസ്ളിമിനു വെള്ളം കൊടുത്താല്‍ പോലും വര്‍ഗീയ പ്രീണനമായി ബി.ജെ.പി അതിനെ കാണും എന്നാരോ എഴുതിയതാണു ഇവിടെ ഒാര്‍മ്മവരുന്നത്‌. ആദ്യം സൂചിപ്പിച്ചത്‌ പോലെ മാര്‍ക്സിറ്റുകാര്‍ മതങ്ങളോടുള്ള സമീപനങ്ങളില്‍ കുറെക്കൂടി യാഥാര്‍ത്യബൊധം വരുത്തിയിരിക്കുന്നു. മതവിശ്വാസികള്‍ തങ്ങളുടെ മത ഗ്രന്‍ഥങ്ങളെയും മറ്റും എങ്ങനെ വിശേഷിപ്പിക്കുന്നു അതേ വിശേഷണം അല്ലങ്കില്‍ ആ ഒരു ആദരവ്‌ അവയില്‍ വിശ്വസിക്കാത്തവരും അതിനു നല്‍കുന്നു എന്ന ഒരു തികച്ചും സൌഹാര്‍ദ്ധപൂര്‍ണമായ ഒരു സമീപനമായല്ലേ നാരായണണ്റ്റെ ആ പ്രയോഗത്തെ കാണേണ്ടതൊള്ളൂ. ഒരു ബഹുസ്വര സമൂഹത്തില്‍ മതവിശ്വാസികള്‍ പരസ്പരം മാത്രമല്ലല്ലോ സൌഹൃദവും ബഹുമാനവുമുണ്ടായിരിക്കേണ്ടതു.മതവിശ്വാസമില്ലാത്തവര്‍ക്കും നല്ലബന്ധവും നല്ല സമീപനങ്ങളും ആവശ്യമാണല്ലോ.

പക്ഷെ സമൂഹത്തിണ്റ്റെ ഇടയിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അവരുടെ പ്രശ്നങ്ങളില്‍ തൊട്ടറിയുന്നവര്‍ക്കേ അവരുടെ വികാരവും മനസ്സിലാക്കാനാവൂ അല്ലാതെ ദന്ത ഗോപുര വാസികളായ കേവല ബുദ്ധിജീവികള്‍ക്ക്‌ അതു മനസ്സിലാവണമെന്നില്ല.

Wednesday, February 4, 2009

കെ.ഇ.എന്‍ കുഞ്ഞഹമ്മദും ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനവും

താനൊരു രാഷ്ട്രീയ പ്രവര്‍ത്തകനല്ലന്നും മറിച്ച്‌ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ഒരു സാംസ്കാരിക പ്രവര്‍ത്തകനാണെന്നും അവകാശപ്പെടാറുണ്ട്‌ വാഗ്മിയും എഴുത്തുകാരനുമായ കെ.ഇ.എന്‍.കുഞ്ഞഹമ്മദ്‌. തണ്റ്റെ കാഴ്ചപ്പാടുകള്‍ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും പ്രകടിപ്പിക്കല്‍ സമൂഹത്തിള്ള തണ്റ്റെ ഇടപെടലുകളെ അടയാളപ്പെടുത്തുന്നു എന്നും അദ്ദേഹം വിലയിരുത്തുന്നു. ഏറ്റവും ഒടുവിലായി അദ്ദേഹം പറഞ്ഞ "കണ്ടിട്ടും കാണാതെ കേട്ടിട്ടും കേള്‍ക്കാതെ... " എന്ന്‌ തുടങ്ങിയ നിരീക്ഷണങ്ങള്‍ വായിക്കുകയോ കാണുകയോ ചെയ്തവര്‍ക്ക്‌ സ്വാഭാവികമായും ഉയര്‍ന്ന്‌ വരുന്ന സംശയമുണ്ട്‌:ഈവക നിരീക്ഷണങ്ങളൊന്നും മറ്റ്‌ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ചുകാണാത്തതെന്ത്‌ ?




സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പിണറായി പക്ഷത്ത്‌ നിന്ന്‌ കൊണ്ട്‌ അങ്ങേയറ്റത്തെ വിധേയത്വം പ്രകടിപ്പിച്ചിട്ടുള്ള ഒരാളായി അദ്ദേഹത്തെ വിലയിരുത്താന്‍ മറ്റുള്ളവര്‍ക്ക്‌ പ്രേരണ നല്‍കുന്നതും ഇതുതന്നെയാണു. മൂന്നാറില്‍ ഭൂമികയ്യേറിയ മാഫിയകള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്ത അവസരത്തില്‍ കേരളത്തിലെ വലിയ ഒരു വിഭാഗത്തിണ്റ്റെ പിന്തുണയും ആശിര്‍വാദവും അച്യുതാനന്ദന്‍ നേടിയിരുന്നു. അത്പാര്‍ട്ടിക്കനുകൂലമാക്കുന്നതിനു പകരം തികഞ്ഞ വിഭാഗീയ ചിന്തപുലര്‍ത്തുകയാണു കെ.ഇ.എന്‍ ചെയ്തത്‌. ആള്‍ദൈവങ്ങളെ കുറിച്ച്‌ മാതൃഭൂമി വാരികയില്‍ ലേഖനം എഴുതി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു. സമൂഹത്തിലുള്ള ദുഷ്പ്രവണതയെയാണു താന്‍ വിമര്‍ശിക്കുന്നത്‌ എന്നായിരുന്നു അതിനുള്ള അദ്ദേഹത്തിണ്റ്റെ ന്യായം.

ഇപ്പൊഴിതാ പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. പ്രതിചേര്‍ത്തപ്പോഴും വിമര്‍ശനം വി.എസിനു നേരെ തന്നെ. ഇത്തവണ മന്ദബുദ്ധി എന്നാണു പ്രയോഗം.ഇതിനെ കുറിച്ച്‌ പത്രക്കാര്‍ വിശദീകരണം ചോദിച്ചപ്പോഴും അദ്ദേഹത്തിണ്റ്റെ മറുപടി സമൂഹത്തിലെ പ്രവണതക്കെതിരെയാണു തണ്റ്റെ വിമര്‍ശനം എന്നാണു. എന്താണു അദ്ദേഹത്തിണ്റ്റെ സാംസ്കാരിക ആക്രമണം എപ്പോഴും വി.എസിനു പ്രതികൂലവും പിണറായിക്ക്‌ ശക്തമായ പിന്തുണയുമാകുന്നത്‌. വി.എസിനെ കുറിച്ച്‌ എം. മുകുന്ദന്‍ "കാലഹരണപ്പെട്ട പുണ്യവാളന്‍" എന്ന പറഞ്ഞപ്പോള്‍ മുകുന്ദനു അതുപറയാനുള്ള അവകാശമുണ്ട്‌ എന്നു പറഞ്ഞ്‌ പിണറായി വിഭാഗിയതയോട്‌ അദ്ദേഹം ചേര്‍ന്ന്‌ നില്‍ക്കുകയായിരുന്നു.

അതോടൊപ്പം മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണണ്റ്റെ ശവസ്കാര ചടങ്ങില്‍ കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച്‌ ആരും പങ്കെടുക്കാതിരുന്ന വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍, മുഖ്യമന്ത്രിയുടെ ഒരു സ്വാഭാവിക പ്രതികരണത്തെ മാധ്യമങ്ങളും വലതുപക്ഷവും കടന്നാക്രമിച്ചപ്പോള്‍ മൌനം പാലിച്ച കെ.ഇ.എന്‍. , വലതുപക്ഷ മാധ്യമങ്ങളുടെയും പിന്തിരിപ്പന്‍ ശക്തികളുടെയും ഇടതുപക്ഷ ആക്രമണങ്ങളെ കണ്ടില്ലന്ന്‌ വെച്ചതെന്തുകൊണ്ട്‌ ? നേരെത്തെ മന്ത്രി ജി.സുധാകരന്‍ നടത്തിയ ചില പ്രയോഗങ്ങളെ സംരക്ഷിച്ചയാളാണു കെ.ഇ.എന്‍ എന്നോര്‍ക്കണം.

ചുരുക്കത്തില്‍ പിണറായിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നതും ചെയ്യുന്നതും സാംസാകാരികമായി നല്ല പ്രവണതയും വി.എസിണ്റ്റെ ഓരോ നിലപാടും അദ്ദേഹത്തെ പിന്തുണക്കുന്നവരും ദുഷ്പ്രവണതയുടെ ലക്ഷണവുമായി സാംസ്കാരിക ഭഷ്യം ചമക്കലാണു ശ്രീ. കെ.ഇ. എന്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം എന്ന്‌ തോന്നും അദ്ദേഹത്തിണ്റ്റെ ഒരോ വാക്കും എഴുത്തും കാണുമ്പോള്‍ മുസ്ളിം സമുദായത്തില്‍ ഏറ്റവും പിന്തിരിപ്പന്‍ നിലപാട്‌ പുലര്‍ത്തുന്ന ഒരു സംഘടനാ നേതാവിനെയാണു കുറച്ചു മുമ്പ്‌ കെ.ഇ.എന്‍., ഏറ്റവും രചനാത്മകായ നിലപാടുള്ള മുസ്ളിം നേതാവ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌.(നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വോട്ട്‌ തന്നു എന്ന കാരണത്താല്‍ ഇങ്ങ്നെയുമുണ്ടോ ഒരു ഉപകാരസ്മരണ. )

ആത്യന്തികമായി സംഭവിക്കുന്നത്‌ ഇതാണു: ശ്രീ കെ.ഇ.എന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്കൃതമല്ലാത്ത വ്യക്തികളോടും സമീപനങ്ങളോടും ദാസ്യം കാണിക്കുന്ന , അവകളെ സാംസ്കാരികമായി പ്രതിരോധിക്കുന്ന ഒരാളായി രേഖപ്പെടുത്തപ്പെടുന്നു.

Sunday, January 25, 2009

ഡോ.ഗോപിമണിയും ഇസ്രയേലും

അടുത്തിടെ മാത്രിഭു‌മി പത്രത്തില്‍ ഗാസ കൂട്ടക്കുരുതിയെ മുന്‍നിര്‍ത്തി എഴുതിയ "പലസ്തീനില്‍ രക്തം ഉറങ്ങില്ല" എന്ന എം.പി വീരേന്ദ്രകുമാറിണ്റ്റെ ലേഖന പരമ്പരയെ (മാതൃഭൂമി പത്രം 2009 ജനുവരി 15, 16 & 17) വിമര്‍ശിച്ചുകൊണ്ട്‌ ഡോ.ആര്‍.ഗോപിമണി ജനുവരി 23 നു അതേപത്രത്തില്‍ ഒരു പ്രതികരണക്കത്ത്‌ എഴുതിയത്‌ പലരും ശ്രദ്ധിച്ച്‌ കാണും. നമ്മുടെ പല എഴുത്തുകാര്‍ക്കും സമകാലിക സംഭവങ്ങളിലുള്ള 'വിവരം' വിളിച്ചോതുന്നതാണു പ്രസ്തുത വിമര്‍ശനക്കത്ത്‌.


ഇനി കാര്യങ്ങളെ വസ്തുതാപരമായി സമീപിച്ചാലും ശ്രീ ഗോപിമണിയുടെ നിലപാട്‌ ശരിയല്ല എന്നു മനസ്സിലാക്കാന്‍ കഴിയും. അല്‍ജസീറയുടെ മുന്‍പത്രാധിപര്‍ക്ക്‌ തൊഴില്‍ദായകനോട്‌ കൂറുകാട്ടേണ്ടതുണ്ട്‌. പക്ഷെ ആര്‍ക്ക്‌വേണ്ടിയാണു വീരേന്ദ്രകുമാര്‍ ജൂതരെ മാത്രം പഴിചാരുന്നത്‌ എന്നാണു ഗോപിമണി ചോദിക്കുന്നത്‌. ഈ ഒരു നിലപാടു തെന്നെ കാര്യങ്ങളെ വസ്തുനിഷ്ടമായികാണുന്നതിണ്റ്റെ ലക്ഷണമല്ല. ഒരു വിഷയത്തെ ആരു പറയുന്നു എന്നതല്ല എന്തുപറയുന്നു എന്ന്‌ നോക്കിയല്ലേ വിലയിരുത്തേണ്ടതു ?


ഒന്നാമതായി ജൂതരെ വീരേന്ദ്രകുമാര്‍ വിമര്‍ശിച്ചിട്ടില്ല. ഇസ്രയേലിണ്റ്റെ ഈ നീച കൃത്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നവരില്‍ ജൂതരുമുണ്ട്‌ എന്നതാണു മറ്റൊരു സത്യം .ശ്രീ വീരേന്ദ്രകുമാര്‍ തന്നെ തണ്റ്റെ ലേഖനത്തില്‍ പലയിടത്തും ഉദ്ധരിക്കുന്ന അവിശലം എന്ന ഇറാഖി വംശജനായ ബ്രിട്ടീഷ്‌ ചരിത്രകാരന്‍ അതിനു നല്ലൊരു ഉദാഹരണമാണു. ഇസ്രയെല്‍ ഭരണകൂടത്തിണ്റ്റെ വംശഹത്യ സമീപനത്തെയും സയണിസ്റ്റ്‌ ഭീകരതയേയുമാണു അദ്ദേഹം എതിര്‍ക്കുന്നത്‌. ഒരു വിരേന്ദ്രകുമാറോ അതല്ലങ്കില്‍ സിദ്ധാര്‍ഥമേനോനൊ മാത്രമല്ല ഇസ്രായേലിണ്റ്റെ ഈ കൊടുംക്രൂരതയെ വിമര്‍ശിച്ചിട്ടുള്ളത്‌. ആയിടെ പ്രിണ്റ്റ്‌ മീഡിയയിലും ഇലക്ട്രോണിക മീഡിയയിലും വന്ന വിശകലനങ്ങളും റിപ്പോര്‍ട്ടുകളും ശ്രദ്ധിച്ച ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ഇക്കാര്യം.

പ്രശസ്തയായ സാറ റോയ്‌ (Sara Roy) ടെ ലേഖനങ്ങള്‍ ഉദാഹരണമായി പറയാം

പലസ്തീനിലെ ഹമാസ്‌ ഭരണകൂടത്തെ പാകിസ്താനിലെ വസീരിസ്താന്‍ പ്രവിശ്യയിലെ താലിബാന്‍ ഭരണകൂടത്തോടാണു ശ്രീ ഗോപിമണി താരതമ്യം ചെയ്യുന്നത്‌. നിയമപരമായ ഒരു തെഞ്ഞെടുപ്പിലൂടെ നേടിയ വന്‍വിജയത്തോടെയാണു ഹമാസ്‌ ഗാസയില്‍ അധികാരത്തില്‍ വരുന്നത്‌ തന്നെ. ലോകത്തിലെ എല്ലാ മനുഷ്യസ്നേഹികളും ആവശ്യപെട്ടിട്ടും അതിനൊന്നും വിലകല്‍പിക്കാതെ ആയിരത്തിലധികം പലസ്തീനികളെ കൊന്ന ഇസ്രായേല്‍ നിരോധിത രാസായുധങ്ങളും നിരപരാധികളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചു എന്നത്‌ എല്ലാ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്തതും സ്തിരീകരിക്കപ്പെട്ടതുമായ കാര്യമല്ലേ.


കൊലചെയ്യപ്പെട്ടവരില്‍ ഇരുന്നൂറ്റമ്പതിലധികം (As per U. N Report figure 257) കുട്ടികളുമുള്‍പ്പെടുന്നു എന്നതും എല്ലാമീഡിയയും റിപ്പോര്‍ട്ട്‌ ചെയ്തതാണല്ലോ. ഇരുപത്‌ ഇസ്രയേലികളാണു പത്ത്‌ വര്‍ഷത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപെട്ടതെന്ന്‌ പ്രമുഖ യുദ്ധകാര്യ ലേഖകനും The Independent പത്രത്തിണ്റ്റെ കോളമിസ്റ്റുമായ റോബര്‍ട്ട്‌ ഫിസ്ക്‌(Robert fisk) എഴുതുന്നു.

അമേരിക്ക ഉള്‍പ്പെടുന്ന രാജ്യങ്ങളുടെ ഏത്‌ നടപടിയേയും നിരാക്ഷേപം പിന്‍താങ്ങുന്ന ഒരു വിഭാഗത്തിണ്റ്റെ പ്രതിനിധിയായേ ശ്രീ ഗോപിമണിയേയും നമുക്ക്‌ കാണാന്‍ കഴിയൂ.നേരത്തെ GATT കരാര്‍ ഉള്‍പ്പെടുന്ന വിഷയത്തിലും തികഞ്ഞ മുതലാളിത്ത കാഴ്ചപ്പാടെടുത്ത്‌ കര്യങ്ങളെ വിശകലനം ചെയ്തിട്ടുള്ള അദ്ദേഹം ഈ കാര്യത്തിലും അമേരിക്കന്‍ നിലപാടെടുത്തതില്‍ അത്ഭുതമില്ല.

Sunday, January 18, 2009

രാഷട്രീയ പാര്‍ട്ടികളും രാഷ്ട്രീയ പ്രേരിതമെന്ന ആരോപണവും

രാഷ്ട്രീയ പാര്‍ട്ടികളെടുക്കുന്ന തീരുമാനങ്ങളെയും നിലപാടുകളെയും നേരിട്ട്‌ വിമര്‍ശിക്കാന്‍ വകുപ്പില്ലാതെ വരുമ്പോള്‍ നമ്മുടെ പാര്‍ട്ടികള്‍ പരസ്പരം ഉപയോഗിക്കുന്ന ഒരു വാക്കാണു രാഷ്ട്രീയ പ്രേരിതം എന്നത്‌.

ഉദാഹരണമായി അടുത്തിടെ കേരളത്തിലെ ഭരിക്കുന്ന മുന്നണിയിലെ പ്രമുഖ സംഘടനയെടുത്ത ചില നയനിലപാടുകളുകള്‍ക്ക്‌ നേരെ മറ്റു ചില രാഷ്ട്രീയ സംഘടനകള്‍ ഉന്നയിച്ച അരോപണം എടുക്കാം.ആണവ കരാറിനെ ലോകസഭയിലും പുറത്തും അതിശക്തമായി എതിര്‍ക്കുകയും അതിണ്റ്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിന്നും ഇറാഖ്‌ പ്രസിഡന്‍ണ്ടിനെ കൊലചെയ്തതില്‍ ശക്തമായി പ്രധിഷേധിച്ചതിനും ഏറ്റവും ഒടുവിലായി പലസ്തീനില്‍ ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന വംശീയ ഉന്‍മൂലനത്തില്‍ ശക്തമായി വിമര്‍ശിക്കുന്നതിലും കേരളത്തിലെ പ്രതിപക്ഷ മുന്നണിയിലെ മുഖ്യ കക്ഷിയും ആമുന്നണിയിലെ ഒരു മതസാമുദായിക രഷ്ട്രീയ പാര്‍ട്ടിയും രാഷ്ട്രീയ പ്രേരിത ലക്ഷ്യമാണു കാണുന്നത്‌.

സാമ്രാജ്യത്ത വിരോധം മുഖ്യ അജന്‍ഡയാണന്ന്‌ പറയുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉപര്യുക്ത നിലപാടുകള്‍ ആ നിലക്കൂ രാഷ്ട്രീയ പ്രേരിതമാകേണ്ടതു തന്നെയല്ലെ. പിന്നെ വിമര്‍ശിക്കുന്നവര്‍ പറയും അത്തരം നിലപാടുകള്‍ എടുക്കുന്നത്‌ ഒരു പ്രത്യാക മതവിഭാഗത്തെ പ്രീണിപ്പിക്കനാണെന്ന്‌. ഈ വിമര്‍ശിക്കുന്ന പാര്‍ട്ടികളോട്‌ തന്നെ ഇതുപോലുള്ള വിഷയങ്ങളില്‍ തങ്ങളുടെ നയമെന്താണു എന്നു ചോദിച്ചാല്‍ അവരും സമ്മതിക്കും അമേരിക്കക്ക്‌ സദ്ദമിനെ കൊല്ലാന്‍ അര്‍ഹതയില്ലന്നും, ഫലസ്തീനില്‍ ഇസ്രായേല്‍ കാണിക്കുന്നത്‌ മനുഷ്യാവകശ ലംഘനമാണന്നും അതുപോലെ ആണവക്കരാറില്‍ അമേരിക്കയുടെ ഉദ്ദേശ്യമെന്തന്നും. ഇത്തരമൊരു സാമ്രജ്യത്ത വിരുദ്ധ നിലപാടിണ്റ്റെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ ആ പാര്‍ട്ടിയോട്‌ അനുഭാവം കാട്ടുന്നുണ്ടാവാം.

രാഷ്ട്രത്തെ സംബന്ധിക്കുന്നതെന്തും രാഷ്ട്രീയമാകയാല്‍ ഈ നിലപാടുകളെ രാഷ്ട്രീയപ്രേരിതമെന്ന്‌ കരുതുന്നതില്‍ തെറ്റില്ല. പക്ഷെ അതിനെ പ്രീണനമെന്ന്‌ വിളിക്കുന്നതില്‍ തെറ്റുണ്ട്‌. അതോടൊപ്പം കേരളത്തിലെ ഒരു ന്യുനപക്ഷ സമുദായത്തിണ്റ്റെ രാഷ്ട്രീയ പാര്‍ട്ടിക്കും കേരളത്തിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയിലെ നെഹ്‌റുവിയന്‍ ചിന്താഗതിക്കാര്‍ക്കും ശുദ്ധ ഗാന്ധിയന്‍മാര്‍ക്കും സാമ്രാജ്യത്ത വിരുദ്ധമായ ചേരിചേരാ നിലപാടുകളെ പിന്തുണക്കുന്ന മാനവിക കാഴ്ചപ്പാടുണ്ടങ്കിലും അവര്‍ക്കത്‌ അധികാര പരമായ കാരണങ്ങളാല്‍ വ്യക്തമായി പ്രക്ടിപ്പിക്കാനും അതിനനുസരിച്ച്‌ നിലപാടെടുക്കാനും കഴിയുന്നില്ല എന്നതാണു വസ്തുത. വലതുകക്ഷികള്‍ തങ്ങള്‍ക്ക്‌ കിട്ടുന്ന അവസരം ഉപയോഗപെടുത്തിന്നില്ല എന്ന്‌ പറയുന്നതാവും ശരി.

ഈ ഒരു ആത്മസംഘര്‍ഷത്തെ പലരും നേരിടുന്നത്‌ രാഷ്ട്രീയ പ്രേരിതം എന്ന ശരിയായ വാക്കിനെ തെറ്റായ പരികല്‍പന നല്‍കികൊണ്ടാണു. ഈ പ്രയോഗം വലതു കക്ഷികള്‍ മാത്രമല്ല ഉപയോഗിക്കുന്നത്‌. ഇടതു കക്ഷികളും തരംപോലെ എടുത്തു ഉപയോഗിക്കാറുണ്ട്‌ .അതു വളരെ അപൂര്‍വ്വമാണന്ന്‌ മാത്രം.

മൊബൈല്‍ ഫൊണിണ്റ്റെ ദുരുപയോഗവും ഒരു സീരിയല്‍ നടിയും


മൊബൈല്‍ ഫൊണിണ്റ്റെ ദുരുപയോഗം എങ്ങനെ തടയാം എന്നതിനെ കുറിച്ചു നടന്ന ഏഷ്യാനറ്റിലെ 'നമ്മള്‍ തമ്മില്‍' പരിപാടിയില്‍ (17/01/09)പങ്കെടുത്തുകോണ്ട്‌ ആവേശത്തോടെ അതിനെതിരെ സംസാരിക്കുന്നവരില്‍ ഒരാളാരന്നറിയുമോ. തിരുവനന്തപുരത്ത്‌ കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ മദ്യപിച്ച്‌ ലക്ക്‌ കെട്ട്‌ വണ്ടിയോടിച്ചതിന്ന്‌ പിടിയിലായ സീരിയല്‍ സിനിമാ നടി സംഗീതാ മോഹന്‍.


ഒരു സദുദ്ധേശം കണക്കിലെടുത്ത്‌ നടത്തുന്ന ഒരു പരിപാടിയുടെ വിശ്വാസ്യതയാണു ഏഷ്യാനറ്റ്‌ ഇതിലൂടെ കളഞ്ഞ്‌ കുളിക്കുന്നതു. കാര്യം സംഗീതാ മോഹനു ഈ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടു , മൊബൈല്‍ ദുരുപയോഗം മൂലമുണ്ടായ ദുരനുഭവം പറയാനുണ്ടായിരുന്നങ്കിലും അത്തരത്തില്‍ ധാര്‍മ്മിക രോഷ പ്രകടത്തിനു ആ നടിക്ക്‌ എത്രമാത്രം അവകാശമുണ്ട്‌ എന്നതാണു ഉയര്‍ന്ന്‌ വരുന്ന ചൊദ്യം. അര്‍ദ്ധരാത്രില്‍ മദ്യപിച്ച്‌ വണ്ടിയോടിച്ചു അതും ഒരു സ്ത്രീ എന്ന്‌ പറയുമ്പോള്‍ അതില്‍ എന്തൊക്കെ നിയമപരവും ധാര്‍മ്മികവുമായ ലംഘനങ്ങളുണ്ട്‌ എന്ന്‌ പരയേണ്ടതില്ല. ഇത്‌ പറയുമ്പോള്‍ , വളരെ വൃത്തികെട്ട ഭാഷയില്‍ അവര്‍ക്ക്‌ sms അയച്ചവരെ ന്യായീകരിക്കുകയാണന്ന്‌ കരുതേണ്ടതില്ല. ദുരുപയോഗത്തെയും,നിയമലംഘനത്തെയും,അതിലുപരി ധാര്‍മ്മികതയേയും കുറിച്ച്‌ പറയാന്‍ അര്‍ഹത പെട്ടവര്‍ പറയട്ടെ എന്ന്‌ മാത്രമാണു പറഞ്ഞ്‌ വന്നതു.


ഏഷ്യാനറ്റില്‍ മാത്രമല്ല മനോരമ പത്രത്തിലും (online)എന്‍ ജയചന്ദ്രന്‍ എഴുതിയ ഒരു ലേഖനത്തിലൂടെ ഇവര്‍ മൊബൈല്‍ ദുരുപയോഗത്തിണ്റ്റെ ഇരയായ അനുഭവം വന്നിട്ടുണ്ടു.

Wednesday, January 14, 2009

വികസനവും നരേന്ദ്ര മോഡിയും





ഇയിടെയായി പലരും പറഞ്ഞ്‌ കാണുന്നതാണു വികസനകാര്യത്തില്‍ നാം പ്രത്യാകിച്ച്‌ കേരളീയര്‍ നരേന്ദ്ര മോഡിയെ മാതൃകയാക്കണമെന്നത്‌. പ്രത്യക്ഷത്തില്‍ ഈ അഭിപ്രായത്തില്‍ എന്താകുഴപ്പം എന്ന്‌ ചിലര്‍ക്കെങ്കിലും തോന്നിക്കൂടായികയുമില്ല.പക്ഷേ ഗുജറാത്ത്‌ വംശഹത്യയില്‍ മോഡിക്കുള്ള പങ്കുനെ മറക്കുന്നവര്‍ക്കേ ഇങ്ങനെ തോന്നൂ. ഏതൊരു ജനതക്കും കേവല വികസനമുണ്ടായിട്ട്‌ എന്ത്‌ കാര്യം. സാമൂഹികവും സാംസ്കാരികവു രഷ്ട്രീയവും മതപരവുമായ സുരക്ഷിതാവസ്ഥ ഉണ്ടാവുമ്പോള്‍ മാത്രമാണു വികസനവും അനുഭവിക്കാന്‍ കഴിയൂ എന്നതല്ലേ സത്യം. വിശേഷിച്ചും നമ്മുടെ രാജ്യം ഒരു ബഹുസ്വര ബഹുമത രാജ്യമാകുമ്പോള്‍. നമ്മുടെ കേരളത്തിലെ ഒരു എം.പി അതും ഒരു മതേതര പാര്‍ട്ടിയുടെ നേതാവ്‌ ഇത്പറയുമ്പോള്‍ മലയാളിയുടെ ബോധം എത്രമേല്‍ ഉപരിപ്ളവല്ല. പിന്നെയല്ലേ വെറും ബിസ്സിനസ്‌ ചിന്ത മാത്രമുള്ള്‌ സുനില്‍ മിത്തലും അനിലംബാനിയും മറ്റും. അല്ലങ്കിലും ഇന്ത്യയിലെ കോര്‍പറേറ്റ്‌ വിഭാഗങ്ങള്‍ എന്നും പിന്തിരിപ്പന്‍ ചിന്ത വെച്ചുപുലര്‍ത്തുന്നവരായിരുന്നു. തീവ്ര നാഷനലിസ്റ്റുകള്‍ കണ്ണില്‍ എണ്ണയൊഴിച്ച്‌ കാത്തിരിക്കുകയാണു ഇത്പോലുള്ള പ്രസ്താവനകള്‍ കേട്ടുകിട്ടാന്‍.എന്നാലല്ലേ അവര്‍ക്ക്‌ മോഡി ചെയ്ത ക്രൂരതകളെ വെള്ള പൂശാനാവൂ.

അടുത്തിടെ രാജീവ്‌ ശ്രീനിവാസനും സമാനമായ അഭിപ്രായം പറയുകയുണ്ടായി. ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള അദ്ദേഹത്തിണ്റ്റെ അനുഭാവം ഏവര്‍ക്കും അറിയുന്നതാണങ്കിലും എത്ര നിഷ്പക്ഷ നാട്യത്തോടെയാണു അയാള്‍ അത്‌ പറഞ്ഞ്‌ വെക്കുന്നത്‌.ഏഷ്യാനറ്റ്‌ ചാനലിലെ വിദേശവിചാരം പരിപാടിയില്‍ മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസനുമായുള്ള(ടി.പി ശ്രീനിവാസന്‍ ഒരു കടുത്ത അമേരിക്കന്‍ അനുകൂലിയാണെന്ന്‌ ആണവ കരാറിലെ അദ്ദേഹത്തിണ്റ്റെ അഭിപ്രായം നമ്മെ ബോധ്യപ്പെടുത്തീട്ടുണ്ട്‌.)അഭിമുഖത്തില്‍ ഒബാമയെ പോലുള്ള ഒരു ഭരണാധികാരി ഇന്ത്യയില്‍ ഇന്ന്‌ ആരുണ്ട്‌ എന്ന ചൊദ്യത്തിനു രാജീവ്‌ പറയുന്നത്‌ മായാവതി. പക്ഷെ മായാവതി ജാതിരാഷ്ട്രീയമായതിനാല്‍ മോഡിക്കാണു അദ്ദേഹത്തിണ്റ്റെ മാര്‍ക്ക്‌.

ബൊട്ടം ലൈന്‍ ഇതാണു. ജര്‍മനിയില്‍ ഹിറ്റ്ലറും വളരെ വികസന കാര്യങ്ങള്‍ പ്രത്യാകിച്ചും infrastructure development ചെയ്തിട്ടും ഹിറ്റ്ലറുടേത്‌ വളരെ മാതൃകാ ഭരണമാണന്ന്‌ ഫാസിസ്റ്റുകളല്ലാതെ ആരെങ്കിലും പറഞ്ഞോ അല്ലങ്കില്‍ പറയുമോ ?