Tuesday, April 21, 2009

മാധ്യമങ്ങളും വിചാരണ ചെയ്യപ്പെടണം

രാഷ്ട്രീയ പാര്‍ട്ടികളെ ജനം വിധിയെഴുതിക്കഴിഞ്ഞു, ഫലം വരാന്‍ ഒരുമാസംകൂടി കാത്തിരിക്കണമെന്ന നിരാശമാത്രം. ഇനി ഈ രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം ഇലക്ഷന്‍ അജന്‍ഡ തീരുമാനിക്കുകയോ അവരുടെ യഥാര്‍ഥ അജണ്ഡയെ അട്ടിമറിക്കാന്‍ ഇറങ്ങിക്കളിക്കുകയോ ചെയ്ത നമ്മുടെ പ്രിന്‍ഡ്‌-ഇലക്ട്രോണിക്‌ മാധ്യമങ്ങളെ കുറിച്ച്‌ കൂടി ഒരു വിധിയെഴുത്തിന് ഒരവസരം കൈവന്നെങ്കില്‍! അതിനു അവസരമില്ലങ്കില്‍ ഒരു നിശിതമായ വിചാരണക്കെങ്കിലും ജനാധിപത്യത്തിന്റെ ഈ ഫോര്‍ത്ത്‌ എസ്റ്റേറ്റിനെ വിധേയമാക്കേണ്ടതുണ്ട്‌. വര്‍ഗീയത,സാമ്രാജ്യത്തം,അഴിമതി,തീവ്രവാദം എന്നീ വിഷയങ്ങളിലെല്ലാം ഇവിടുത്തെ ചാനലുകളും പത്രങ്ങളും ഈ തെരഞ്ഞെടുപ്പോടനുബന്ധിച്ച്‌ സ്വീകരിച്ച നിലപാടുകള്‍ തികച്ചും പ്രതിലോമപരമായിരുന്നു എന്ന് കണാന്‍ കഴിയും.

സി.പി.എം ന്റെ പി.ഡി.പി ബന്ധത്തെ ചര്‍ച്ച ചെയ്തത്‌ പോലെ യു.ഡി.എഫിന്റെ 2001 ലെ പി.ഡി.പി ബന്ധത്തെ ചര്‍ച്ച ചെയ്തില്ല.ഒരു പക്ഷേ ഇന്നത്തേതിനേക്കാള്‍ പി.ഡി.പി. സംശയത്തിന്റെയും തീവ്രവാദത്തിന്റെയും നിഴലില്‍ നിന്ന സമയമായിരുന്നു അന്ന്‌. മഅദനിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും എതിരായി പുറത്ത്‌ വന്ന മൊഴികളെല്ലാം 2008 ല്‍ വന്നതായിട്ടും ചാനലുകളും പത്രങ്ങളും ഇലക്ഷന്‍ വരുന്നത്‌വരെ എന്ത്കൊണ്ട്‌ അതെല്ലാം മൂടിവെച്ചു.അതു തീവ്രവാദത്തിനെ സഹായിക്കലൊ ഒരുപ്രമുഖ കക്ഷിയെ സഹായിക്കലോ. തീവ്രവും വര്‍ഗീയവുമായ പ്രവൃത്തികളിലൂടെ തനിനിറം തെളീക്കപെട്ടിട്ടുള്ള എന്‍.ഡി.എഫു മായുള്ള യു.ഡി.എഫിന്റെ ഈ തിരഞ്ഞെടുപ്പ്‌ കാലത്തെ ബന്ധവും പി.ഡി.പി കൂട്ടുകെട്ടിന്റെ പ്രചരണമറവില്‍ വേണ്ടത്ര തുറന്ന്കാട്ടാതെ പോയതിനും മാധ്യമങ്ങള്‍ തന്നെയല്ലേ കുറ്റക്കാര്‍.ഏറ്റവും ആശ്ചര്യകരമായ സംഗതി ഇരു മുന്നണികളുടെയും വിമര്‍ശന വിധേയമായ ഈ കൂട്ടുകെട്ടിനെ കുറിച്ച്‌ ഒരു ചാനല്‍ ചര്‍ച്ച ചെയ്തപ്പോള്‍ അതിന്റെ തെറ്റും ശരിയും വിലയിരുത്താന്‍ ക്ഷണിക്കപ്പെടുന്നത്‌ കടുത്ത മറ്റൊരു വര്‍ഗീയ സംഘടനയായ ബി.ജെ.പി യുടെ പ്രതിനിധിയെ. പള്ളിപൊളിച്ചിടത്ത്‌ രാമക്ഷേത്രം പണിയും,കാശ്മീരിന്റെ 370 വകുപ്പ് എടുത്ത്‌ കളയും,ഗോവധ നിരോധം നടപ്പിലാക്കും,പോട്ട പുനഃസഥാപിക്കും എന്നൊക്കെ പ്രകടന പത്രികയില്‍ കൃത്യമായി പറഞ്ഞ ബി.ജെ.പി. ഇപ്പോള്‍ വര്‍ഗീയസംഘടനയാണൊ എന്ന കാഴചപ്പാട്‌ പോലും പ്രസക്തല്ല എന്നിടത്താണു മാധ്യമങ്ങളുടെ സമീപനം.

മുസ്ളിലീഗ്‌ ഒഴിച്ചുള്ള മുസ്ളിം സംഘടനകള്‍ വര്‍ഗീയമാണെന്ന്‌ വയലാര്‍ രവി പറഞ്ഞാല്‍ അത്‌ മനസ്സിലാക്കാം.എന്നാല്‍ മാധ്യമങ്ങള്‍ അതിനനുസരിച്ചുള്ള പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചാലോ.എന്‍.ഡി.എഫ്‌ ,ആര്‍.എസ്‌.എസ്‌ പൊലുള്ള സംഘടനയാണങ്കിലും മുസ്ളിം സമുദായത്തിനു അതാവശ്യമാണെന്ന്‌ പറയുകയും (കേരളത്തിലെ പ്രമുഖ മുസ്ളിം സംഘടനകളെല്ലാം എന്‍.ഡി.എഫിന്റെ നിലപാടിനോട്‌ കടുത്ത എതിര്‍പ്പുള്ളവരാണെന്ന്‌ ഓര്‍ക്കുക)ജമാത്തെ ഇസ്ളാമിയും മുജാഹിദ്‌ സംഘടകനകളുമെല്ലാം തീവ്രവാദ സംഘടനകളും കേരളത്തിലെ നേര്‍ച്ചയും , മാലയും ജാറങ്ങളുമൊക്കെ അംഗീകരിക്കുന്നവരാണു നല്ലവരെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മാധ്യമ കവറേജ്‌

ഈ തിരഞ്ഞെടുപ്പില്‍ അഴിമതി ഒരു വിഷയമേ അല്ല മാധ്യമങ്ങള്‍ക്ക്‌. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ വരെ ലാവലിനായിരുന്നു എല്ലാവരുടെയും വിഷയം. എല്‍.ഡി.എഫിന്റെ പി.ഡി.പി ബന്ധം വന്നതോട്കൂടി ലാവലിന്‍ വിഷയം യു.ഡി.എഫ്‌ മറന്നു. അതുകൊണ്ടായിരിക്കുമോ മാധ്യമങ്ങളും മറന്നത്‌. ഏതായാലും സി.പി.എമ്മിനു ഇലക്ഷന്‍ കാലത്ത്‌ അഴിമതി വിവാദത്തില്‍ നിന്ന് തടിയൂരാന്‍ കഴിഞ്ഞു.

ഇസ്രയേലുമായുള്ള ആയുധ ഇടപാടിലെ അഴിമതി ആരോപണം ഒരു പത്രം തന്നെയാണു ആദ്യം പുറത്ത്‌ കൊണ്ടുവന്നതെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കറീകേണ്ട ബാധ്യത മര്‍ക്സിസ്റ്റ്‌ പത്രത്തിനും ചാനലിനും മാത്രമണെന്ന തരത്തിലായിരുന്നു മുഖ്യധാരാമാധ്യമങ്ങളുടെ മൌനം. ചില സ്ഥാനാര്‍ഥികളുടെ സാമ്രജ്യത്ത സയണിസ്റ്റ്‌ ദാസ്യം ചര്‍ച്ചക്ക്‌ വരുന്നത്‌ തന്നെ അതൊരു മുസ്ളിം വിഷയമാണു എന്ന നിലക്കാണു.
ശശി തരുര്‍ ദേശീയഗാനാലാപനത്തോട്‌ കാട്ടിയ അമേരിക്കന്‍ അനുകൂല സമീപനവും മാധ്യമങ്ങളുടെ ദേശീയ ബോധത്തെ അലോസരപ്പെടുത്തിയതായി തോന്നിയില്ല.

ചേരിചേരാനയത്തില്‍ വെള്ളം ചേര്‍ത്ത്‌ അമേരിക്കന്‍-ഇസ്രയേല്‍ ചായ്‌വ്‌ കാട്ടുന്നത് ഒരു പൊതു വിഷയമായി കാണാത്തിനാല്‍ തന്നെ ആ ആരോപണങ്ങളെ സത്യസന്ധമായി ജനമധ്യത്തില്‍ കൊടുന്നില്ല എന്ന്‌ മത്രമല്ല നമ്മുടെ നാട്ടില്‍ തന്നെയുള്ള ഒട്ടുവളരെ പൊള്ളുന്ന വിഷയങ്ങളുള്ളപ്പോള്‍ അതിനിടയില്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും കാര്യങ്ങള്‍ എന്തിനു പറയണം എന്ന ഉപരിപ്ളവമായ സമീപനവും മാധ്യമങ്ങള്‍ കൈകൊണ്ടു.ലോകസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ വിദേശ നയത്തിലെ ന്യായാന്യായതകള്‍ അന്വേഷിക്കുന്നതില്‍ സാംഗത്യമുണ്ട്‌ എന്ന സത്യത്തെ ബോധപൂര്‍വ്വം തമസ്കരിച്ച പോലെ.

ഇവിടെ ഇല്ലാത്ത വിഷയങ്ങളൊന്നും മാധ്യമങ്ങളും മുന്നോട്ട്‌ വെച്ചിട്ടില്ലന്ന് പറഞ്ഞ്‌ ഇലക്ഷനിലെ മാധ്യമനിലപാടിനെ ന്യായീകരിക്കുന്നവര്‍ ഗൌരവപ്പെട്ട വിഷയങ്ങള്‍ കണ്ടില്ലന്ന് നടിക്കുകയോ കീഴ്മേല്‍മറിക്കുകയോ ചെയ്തിട്ടുണ്ട്‌ എന്ന്‌ കൂടി അംഗീകരിച്ചേ പറ്റൂ. കേരളത്തിലെ മുഖ്യപാര്‍ട്ടികള്‍ സ്വീകരിക്കുന്ന വര്‍ഗീയ നിലപാടുകള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന്‌ നിരീക്ഷിക്കുന്നവര്‍ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ സ്വീകരിച്ച അപകടകരമായ സമീപനവും വിചാരണവിധേയമാക്കണം

Wednesday, April 8, 2009

പ്രവാസികളെ എല്ലാ പാര്‍ട്ടികളും മറന്നു

തിരഞ്ഞെടുപ്പടുത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഒരു പഞ്ഞവുമില്ല. എല്ലാ വിഭാഗം ജങ്ങള്‍ക്കും ഒത്തിരി പരിപാടികള്‍ അവര്‍ക്ക്‌ പ്രഖ്യാപിക്കാനുണ്ട്‌. പ്രവാസികള്‍ക്ക്‌ മാത്രം ഒരു പ്രഖ്യാപനവുമില്ല. സി.പി.എം ഇറക്കിയ പ്രകടനപത്രികയില്‍ പ്രവാസികളെ കുറിച്ച്‌ ഒരു പരാമര്‍ശം പോലുമില്ല. ബി.ജെ.പി യുടെതിലാവട്ടെ പി.ഐ.ഒ (Persons of Indian Origin) കാര്‍ഡു വിതരണം പോലുള്ളവ വിപുലപ്പെടുത്തുമെന്ന് പറയുന്നതല്ലാതെ മറ്റൊന്നുമില്ല. ഭരണ കക്ഷിയായ കോണ്‍ഗ്രസിണ്റ്റെ വാഗ്ദാനം നാലു എന്‍.ആര്‍.ഐ സര്‍വ്വകലാശാലകള്‍ രൂപീകരിക്കുമെന്ന്‌ പറയുന്നതിലൊതുങ്ങുന്നു.
പ്രവാസികളുടെ അടിസ്ഥാന അവകാശമായ വോട്ടവകാശം ലഭ്യമാക്കുന്നതിനെ കുറിച്ചോ സാമ്പത്തിക പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപ്പെട്ട്‌ തിരിച്ചു വരുന്ന പ്രവാസികളെ പുനഃരധിവസിക്കുന്ന ഏതെങ്കിലും പരിപാടിയെ സംബന്ധിച്ചോ ഒരക്ഷരം മിണ്ടുന്നില്ല നാമ്മുടെ മുഖ്യ പാര്‍ട്ടികള്‍. പ്രവാസികള്‍ രാജ്യത്തിനു നേടിത്തരുന്ന വിദേശനാണ്യത്തിണ്റ്റെ പ്രാധാന്യമൊക്കെ ഈ പാര്‍ട്ടികള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഒരു നിയതമായ പദ്ധതി ആവിഷ്കരിച്ച്‌ നടപ്പിലാക്കുമെന്ന്‌ പറയാന്‍ ഇവരാരും ധൈര്യപ്പെടുന്നില്ല.

Sunday, April 5, 2009

തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തില്‍ വ്യക്തികളും നിര്‍ണായകമാണു.


തിരഞ്ഞെടുപ്പോടനുബന്ധിച്ച്‌ ചില സംഘടനകളെടുക്കുന്ന മുല്യാധിഷ്ഠിധ നയങ്ങളും അതിണ്റ്റെ അടിസ്ഥാനത്തില്‍ വിവിധ മുന്നണികളിലെ നല്ല സഥാനര്‍ഥികള്‍ക്കു വോട്ട്‌ നല്‍കാന്‍ തീരുമാനിക്കുന്നതും നപുന്‍സക തീരുമാനവും ഫലശൂന്യവുമാണെന്ന്‌ ചിലരെല്ലാം വലിയവായില്‍ വാദിക്കാറുണ്ട്‌. വ്യക്തികള്‍ക്കുപരി സംഘടനകളുടെ നയങ്ങള്‍ നിര്‍ണായകമാവുന്ന പാര്‍ലമെണ്റ്റെറി പാര്‍ട്ടി സംവിധാനമാണു നമ്മുടേതെങ്കിലും പലപ്പോഴും പാര്‍ട്ടികളുടെ നിലപാടുകളെ സ്വാധീനിക്കാന്‍ മാത്രം ചിലവ്യക്തികളുടെ നയങ്ങള്‍ കാരണമാവുന്നുണ്ട്‌ എന്നതും അനിഷേധ്യമാണു.

ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി കണക്കാക്കപ്പെടുന്ന കോണ്‍ഗ്രസിണ്റ്റെ കാര്യമെടുത്താല്‍ തന്നെ ഇത്‌ വ്യക്തമാവും.സ്വാതന്ത്യ്രാനന്തര കാലഘട്ടത്തിലെ കോണ്‍ഗ്രസിണ്റ്റെ നേതാക്കളെ പരിശോധിച്ചാല്‍ നെഹുറുവിനുണ്ടായ മതേതര സോഷ്യലിസ്റ്റ്‌ കാഴുചപ്പടു അത്രയളവില്‍ സര്‍ദാര്‍ വല്ലഭായ്‌ പ്ട്ടേലിനും മറ്റുചില കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുമില്ലായിരുന്നു. ഇതു തന്നെ നമ്മുടെ സമകാലിക കോണ്‍ഗ്രസ്‌ നേതാക്കളുടെയും അവസഥ. ആണ്റ്റണിക്കോ വി.എം സുധീരനോ ഉമ്മന്‍ചാണ്ടിക്കോ ഉള്ള അഴിമതി പുരളാത്ത വ്യക്തിത്വം കേരളത്തില്‍ എത്ര കോണ്‍ഗ്രസ്സുകാര്‍ക്കുണ്ട്‌. അതുപോലെ വയലാര്‍ രവി, മണിശങ്കര്‍ അയ്യര്‍,അര്‍ജുന്‍സിംഗ്‌,എ.ആ. അന്തുലെ തുടങ്ങിയവരെ പോലെ നെഹ്‌റുവിയന്‍ ആശയത്തോടു ചേര്‍ന്ന്‌ നില്‍ക്കുന്നവരും ന്യൂനപക്ഷ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതിണ്റ്റെ പ്രാധന്യം തിരിചറിഞ്ഞവരും കുറവ തന്നെ.

അതോടൊപ്പം വര്‍ഗീയതയോട്‌ രാജിയാവുന്നവരും സാമ്രാജ്യത്വ താല്‍പര്യങ്ങളോട്‌ സന്ധിയാവുന്നരും കോണ്‍ഗ്രസിണ്റ്റെ നേത്യത്വത്തില്‍ വന്നപ്പോള്‍ അതിണ്റ്റെ ദുരന്ത ഫലവും ഈ നാട്‌ അനുഭവിച്ചു. നരസിംഹ റാവു ഇതിണ്റ്റെ നല്ലൊരു ഉദാഹരണമാണു.റാവുവിണ്റ്റെ മന്ത്രിസഭയിലെ അന്നത്തെ ധനമന്ത്രിയായിരുന്ന ഇന്നത്തെ നമ്മുടെ പ്രധാനമന്ത്രിയാണു രാജ്യത്തെ ഉദാരവത്കരണത്തിണ്റ്റെയും മാര്‍ക്കറ്റ്‌ എക്കണോമിയുടെയും മുതലാളിത്ത വല്‍കരണത്തിലേക്കു ആനയിച്ചത്‌ എന്നതു മറക്കാനാവില്ല.അതേ മന്‍മോഹന്‍ തന്നെയാണു ഇന്ന്‌ ഇന്ത്യ_അമേരിക്ക ആണവകരാറില്‍ ഒപ്പുവെച്ച്‌ അമേരിക്കന്‍ അനുകൂല വിദേശനയത്തിനു അടിത്തറപാകുന്നതും എന്ന കാര്യം യാദൃശ്ചികമല്ല.

അതേസമയം ഇതിലൊക്കെ നിരാശയുള്ള ഒരുവിഭാഗവും കൊണ്‍ഗ്രസിലുണ്ട്‌ അതു പക്ഷേ വളരെ ന്യൂനപക്ഷമാണ്‍.അതിനാല്‍ തന്നെ അവര്‍ക്ക്‌ കാര്യങ്ങള്‍ തുറന്ന്‌ പറയാന്‍ കഴിയുന്നില്ല എന്ന അവസ്ഥയുണ്ട്‌. ആണവകരാര്‍ വിഷയത്തില്‍ പ്രധിഷേധിച്ച്‌ ഇടതുപക്ഷം കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ച അവസരത്തില്‍ , കോണ്‍ഗ്രസ്‌ നേതാവു വയലാര്‍ രവി ഒരു മലയാളം ചാനലില്‍ പത്രപ്രവര്‍ത്തകനായ വെങ്കിടേഷ്‌ രാമകൃഷണനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്‌. ഇടത്‌ പക്ഷം പിന്തുണ പിന്‍വലിക്കരുതായിരുന്നു എന്നണു. അതിനു അദ്ദേഹം കാരണമായി പറയുന്നത്‌ ഇടതുപക്ഷത്തിണ്റ്റെ പിന്തുണ പലകാര്യങ്ങളിലും ഞങ്ങളുടെ മുന്നണി ഭരണത്തിന്‍ ഒരഭിലഷണീയമായ കടിഞ്ഞാണ്‍ നല്‍കിയിരുന്നുവെന്നാണ്‍. സാമ്പത്തിക ഉദാരവല്‍കരണത്തിന്നു മന്‍മോഹന്‍സിംഗ്‌ തുടക്കകുറിച്ച കാല്‍ഘട്ട്തത്തില്‍ എ.ഐ.സി.സി യിലും മറ്റും അതിണ്റ്റെ അപകടത്തെ ചുണ്ടിക്കാട്ടിയ ആളായിരുന്നു വയലാര്‍ രവി എന്നതും ശ്രദ്ധേയമാണു.

ഇതൊക്കെ കാണിക്കുന്നത്‌ പാര്‍ട്ടികള്‍ക്കാണ്‍ വോട്ട്‌ നല്‍കുന്നതെങ്കിലും കോണ്‍ഗ്രസിനെപ്പോലൂള്ള കേഡര്‍ സ്വഭാവമില്ലാത്ത എന്നാല്‍ ഇന്ത്യയൊട്ടാകെയെടുക്കുമ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നനിലയില്‍ സ്വാധീനമുള്ള ഒരു പാര്‍ട്ടിയില്‍ വ്യക്തികളുടെ നയങ്ങള്‍ നിര്‍ണായകമാണു എന്ന്‌ തന്നെയാണു. അതിനാല്‍ മൃദു ഹിന്ദുത്വ സമീപനം,സോഷ്യലിസ്റ്റ്‌ വ്യവസ്ഥയില്‍ നിന്ന്‌ വ്യതിചലിക്കുന്ന ഉദാരവത്കരണ നയം,ചേരിചേരാനയത്തില്‍നിന്ന്‌ മാറി അമേരിക്കന്‍_ഇസ്രായേല്‍ അനുകൂല നയം മുതല്‍ തുടങ്ങിയുള്ള ജനപക്ഷ രാക്ഷ്ട്രീയത്തിനെതരായി വരുന്ന ധാരയെ ദുര്‍ബ്ബലമാക്കുകയും യഥാര്‍ഥ കോണ്‍ഗ്രസ്‌ നയത്തിണ്റ്റെ ധാരയെ ശക്തിപ്പെടുത്തുന്നതിനും മൂല്യാധിഷ്ഠിധ രാഷ്ട്രീയ നിലപാട്‌ ഗുണം ചെയ്യുമെന്ന് തന്നെയാണ്‍ വിശ്വസിക്കേണ്ടത്‌.